തന്റെ കരിയറിലെ ഉയർച്ചക്ക് കാരണം രാഹുൽ ദ്രാവിഡ് പകർന്ന് നൽകിയ ആദ്യ പാഠങ്ങളാണെന്ന് ഇന്ത്യയുടെ ഭാവി താരമായ ശുബ്മാൻ
ഗിൽ. അണ്ടർ 19 ടീമിന്റെ കോച്ചായിരിക്കെ, ദ്രാവിഡായിരുന്നു ഗില്ലിന്റെ പരിശീലകൻ. കഴിഞ്ഞ മാസം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇരട്ട ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി മാറിയിരന്നു ഈ പത്തൊമ്പതുക്കാരൻ.
ഏത് അവസരത്തിലും തന്റെ സ്വതസിദ്ധമായ രീതിയിൽ തന്നെ കളിക്കണമെന്നായിരുന്നു പരിശീലകനായിരിക്കെ ദ്രാവിഡ് പറഞ്ഞിരുന്നതെന്ന് ഗിൽ പറയുന്നു. എന്തുതന്നെ വെല്ലുവിളി നേരിട്ടാലും പയറ്റി വിജയിച്ച ശെെലി വിട്ടുള്ള കളി പരീക്ഷിക്കരുതെന്നും മുൻ ഇന്ത്യൻ നായകൻ ഓർമ്മിപ്പിച്ചിരുന്നതായും ശുബ്മാൻ ഗിൽ പറഞ്ഞു.
ഇന്ത്യയുടെ വിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍, ‘വെസ്റ്റ് ഇൻഡീസ് എ’ ടീമിനെതിരെ ‘ഇന്ത്യ എ’ ടീമിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ഈ പഞ്ചാബുകാരൻ, ബെസ്റ്റ് പെർഫോമറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് അർധ സെഞ്ച്വറികളടക്കം 218 റൺസായിരുന്നു വിൻഡീസിനെതിരെ ഗിൽ അടിച്ചെടുത്തത്.