Cricket

കൗണ്ടി കളിക്കാനൊരുങ്ങി ശുഭ്മൻ ഗിൽ; പാഡണിയുക ഗ്ലാമോർഗനായി

കൗണ്ടി ടീമുമായി കരാറൊപ്പിട്ട് ശുബ്മൻ ഗിൽ. വിസ ശരിയായാൽ സീസൺ അവസാനം വരെ ഗിൽ ഗ്ലാമോർഗനു വേണ്ടി കളിക്കും. ഇതോടെ സീസണിൽ കൗണ്ടി ക്ലബുകളുമായി കരാറൊപ്പിട്ട ഇന്ത്യൻ താരങ്ങളുടെ എണ്ണം ആറാകും. തകർപ്പൻ ഫോമിലുള്ള ഗിൽ സിംബാബ്‌വെ പരമ്പരയിലെ താരമായിരുന്നു.

ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ സുന്ദർ (ലങ്കാഷയർ), നവ്‌ദീപ് സെയ്നി (കെൻ്റ്), മുഹമ്മദ് സിറാജ് (വാർവിക്ക്‌ഷെയർ) എന്നീ ഇന്ത്യൻ താരങ്ങൾ ഗില്ലിനൊപ്പം വിവിധ കൗണ്ടി ക്ലബുകളിൽ ഇക്കൊല്ലം കളിക്കും.

അതേസമയം, ഈ മാസം 27ന് ഏഷ്യാ കപ്പ് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ടൂർണമെൻ്റിൽ പാകിസ്താൻ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികൾ. ഓഗസ്റ്റ് 28ന് ദുബായിൽ മത്സരം നടക്കും. ക്രിക്കറ്റിൽ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോലി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുൻപ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

ജഡേജ, ചാഹൽ, ബിഷ്ണോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഭുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഹാർദിക് പാണ്ഡ്യ ടീമിൽ ഇടം നേടി. ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിച്ച ദീപക് ഹൂഡയ്ക്കും അവസരം ലഭിച്ചു. ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് വിക്കറ്റ് കീപ്പർമാർ.

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ മുൻ താരം വിവിഎസ് ലക്ഷ്മൺ തന്നെ ഇന്ത്യയെ പരിശീലിപ്പിക്കും. ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മുതിർന്ന പരിശീലകനും ഇന്ത്യ അണ്ടർ 19, എ ടീം പരിശീലകനുമായ ലക്ഷ്മൺ സിംബാബ്‌വെ പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായിരുന്നു.