Cricket Sports

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയാസ് അയ്യർ നയിക്കും; ഔദ്യോഗിക സ്ഥിരീകരണമായി

വരുന്ന ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയാസ് അയ്യർ നയിക്കും. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ശ്രേയാസിനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. ലേലത്തിൽ 12.25 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത ശ്രേയാസിനെ ടീമിലെത്തിച്ചത്. (shreyas iyer kolkata riders)

മുതിർന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ പഞ്ചാബ് കിംഗ്സിൻ്റെ പുതിയ ക്യാപ്റ്റനായേക്കുമെന്ന് സൂചനയുണ്ട്. നേരത്തെ സൺറൈസേഴ്സ് ഹൈദരാബാദിനെ നയിച്ചിട്ടുള്ള ധവാൻ ഈ സീസണിലാണ് പഞ്ചാബ് കിംഗ്സിലെത്തിയത്. ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന ധവാനെ മെഗാ ലേലത്തിനു മുൻപ് ഫ്രാഞ്ചൈസി റിലീസ് ചെയ്തിരുന്നു. തുടർന്ന് ലേലത്തിൽ 8.25 കോടി രൂപ നൽകി ധവാനെ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ സീസണുകളിൽ ലോകേഷ് രാഹുൽ ആയിരുന്നു പഞ്ചാബ് കിംഗ്സ് നായകൻ. മെഗാലേലത്തിനു മുൻപ് താരം ഫ്രാഞ്ചൈസി വിട്ടു. മെഗ ലേലത്തിനു മുൻപ് പുതിയ ടീമുകളിലൊന്നായ ലക്നൗ സൂപ്പർ ജയൻ്റ്സ് രാഹുലിനെ ടീമിലെത്തിക്കുകയും നായകനാക്കുകയും ചെയ്തു.

അതേസമയം, ഐപിഎലിൽ സുരേഷ് റെയ്നയെ മിസ് ചെയ്യുമെന്ന് താരത്തിൻ്റെ മുൻ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ പറഞ്ഞു. ഐപിഎൽ ലേലത്തിൽ റെയ്നയെ ടീമിലെടുക്കാതിരുന്നതിന് ആരാധകർ ഫ്രാഞ്ചൈസിക്കെതിരെ വിമർശനമുയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കാശി വിശ്വനാഥൻ രംഗത്തെത്തിയത്.

“കഴിഞ്ഞ 12 വർഷമായി ചെന്നൈയുടെ ഏറ്റവും സ്ഥിരതയുള്ള താരങ്ങളിൽ ഒരാളാണ് സുരേഷ് റെയ്ന. റെയ്നയെ വാങ്ങാത്തത് ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ടീം സയോജനം ഫോമുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. റെയ്ന ടീമിൽ ശരിയാവില്ല എന്ന് തോന്നാനുള്ള പല കാരണങ്ങളിൽ ഒന്നാണ് ഇത്. ഞങ്ങൾ റെയ്നയെയും ഫാഫ് ഡുപ്ലെസിയെയും മിസ് ചെയ്യും. അവരൊക്കെ കഴിഞ്ഞ പതിറ്റാണ്ടിൽ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.”- കാശി വിശ്വനാഥൻ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.