ഒരു കാര്യവുമില്ലാതെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ഒന്ന് നോവിക്കാന്‍ ശ്രമിച്ച ഷൊഹൈബ് മാലിക്കിന് ഇന്ത്യന്‍ ആരാധകരുടെ വക ട്രോള്‍ മഴ. മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷുഹൈബ് മാലിക്കാണ് ക്രിസ്തുമസ് ആശംസക്കിടെ ധോണിയേയും ഇന്ത്യയേയും ഒന്ന് ചെറുതാക്കി കാണിക്കാന്‍ ശ്രമിച്ചത്. 2012 ഡിസംബര്‍ 25ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ടി20 മത്സരത്തിന്റെ ചിത്രം ഇട്ടായിരുന്നു മാലിക് ആശംസകള്‍ നേര്‍ന്നത്.
പിന്തിരിഞ്ഞു നില്‍ക്കുന്ന ധോണിക്കു നേരെ ആവേശത്തോടെ കൈ ചുരുട്ടിയുള്ള സ്വന്തം ചിത്രമാണ് ട്വിറ്ററില്‍ ഷുഹൈബ് മാലിക് പങ്കുവെച്ചത്. കൂട്ടത്തില്‍ ”ക്രിസ്മസ് ആശംസകള്‍ സഹോദരങ്ങളേ, കൂടെ വളരെ സന്തോഷമുള്ള മറ്റൊരു ഡിസംബര്‍ 25ഉം” എന്നായിരുന്നു മുന്‍ പാക് താരത്തിന്റെ മുനവെച്ച ട്വീറ്റ്.
ബംഗളൂരുവില്‍ അന്ന് നടന്ന ടി20യില്‍ ഗൗതംഗംഭീറും(43) രഹാനെയും(42) ആയിരുന്നു ഇന്ത്യന്‍ നിരയിലെ ടോപ്‌സ്‌കോറര്‍മാര്‍. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 133 റണ്‍ റണ്‍സാണെടുത്തത്. ഉമര്‍ഗുള്‍ പാകിസ്താനുവേണ്ടി മൂന്നുവിക്കറ്റ് വീഴ്ത്തി. രണ്ട് പന്ത് ശേഷിക്കെ പാകിസ്താന്‍ മത്സരം വിജയിച്ചു. അന്ന് 50 പന്തില്‍ 57 റണ്ണടിച്ച ഷുഹൈബ് മാലിക്കായിരുന്നു അവരുടെ വിജയശില്‍പിയായത്.
എന്തായാലും ഷുഹൈബ് മാലികിന്റെ ട്വീറ്റിനോട് കാര്യമായി തന്നെ ഇന്ത്യന്‍ ആരാധകര്‍ പ്രതികരിച്ചു. ഇന്ത്യക്കെതിരെ ഷുഹൈബ് മാലിക്കിന്റെ മോശം പ്രകടനങ്ങള്‍ തെരഞ്ഞെടുത്തായിരുന്നു മറുപടി. 37കാരനായ മാലിക് 35 ടെസ്റ്റുകളിലും 287 ഏകദിനങ്ങളിലും 111ടി20കളിലും പാകിസ്താനുവേണ്ടി കളിച്ചിട്ടുണ്ട്.