Cricket

ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി

പുതുവർഷത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ ടി20 യിൽ ശ്രീലങ്കയെ രണ്ട് റൺസിന് പരാജയപ്പെടുത്തി. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 20 ഓവറിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് ലങ്കയെ എറിഞ്ഞിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ടീം ഇന്ത്യ 1-0ന് മുന്നിലെത്തി.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആവേശകരമായ വിജയമാണ് ഇന്ത്യൻ ടീം നേടിയത്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയുടെ തുടക്കം വളരെ മോശമായിരുന്നു. അവസാന ഓവറുകളിൽ ചാമിക കരുണരത്‌നെയുടെ വെടിക്കെട്ട് ബാറ്റിംഗ് ടീമിന് പ്രതീക്ഷ നൽകിയെങ്കിലും രണ്ട് റൺസ് അകലെ ജയം നഷ്ടമായി. സന്ദർശകർക്കായി നായകൻ ദസുൻ ഷനക 27 പന്തിൽ 45 റൺസെടുത്ത് ടോപ് സ്കോററായി. കുസൽ മെൻഡിസ് (25 പന്തിൽ 28), വനിന്ദു ഹസരംഗ (10 പന്തിൽ 21) എന്നിവരും പൊരുതി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ആദ്യ ഓവറിൽ 17 റൺസ് കൂട്ടിച്ചേർത്തു. 27 റൺസിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. അരങ്ങേറ്റ മത്സരത്തിൽ ഏഴ് റൺസ് നേടിയ ശേഷം ശുഭ്മാൻ ഗിൽ പുറത്തായി. ഇതിന് പിന്നാലെ ഏഴ് റൺസെടുത്ത സൂര്യകുമാർ യാദവും പുറത്ത്. അഞ്ച് റൺസെടുത്ത സഞ്ജു സാംസണും പവലിയനിലേക്ക് മടങ്ങി. പിന്നാലെ ഇഷാൻ കിഷൻ 37 റൺസിനും ഹാർദിക് പാണ്ഡ്യ 29 റൺസിനും പുറത്തായി.

94 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ നിൽക്കേ ദീപക് ഹൂഡയും അക്സർ പട്ടേലും ചേർന്ന് 68 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇന്ത്യയുടെ സ്കോർ അഞ്ചിന് 162ൽ എത്തിച്ചു. ദീപക് ഹൂഡ 41 റൺസോടെയും അക്സർ പട്ടേൽ 31 റൺസോടെയും പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്ക് വേണ്ടി കസുൻ രജിത ഒഴികെ എല്ലാ ബൗളർമാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.