അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മികവ് പുറത്തെടുത്ത് ഷഹബാസ് നദീം. പകരക്കാരനായി ടീമില്‍ ഇടം നേടിയ ഷഹബാസ് ഭാവിയിലും തന്റെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് വേണമെന്ന് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ഇന്നിങ്‌സിലുമായി നാല് വിക്കറ്റാണ് നദീം നേടിയത്. പേസര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ നദീമിന് എറിയാന്‍ ആകെ 17.2 ഓവറെ ലഭിച്ചുള്ളൂ.
ടെമ്പ ബാവുമയെ കുഴക്കിയാണ് നദീം അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. നദീമിനെ കയറി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ടേണ്‍ ചെയ്ത പന്ത് വിക്കറ്റ് കീപ്പര്‍ കൈപ്പിടിയിലൊതുക്കി സ്റ്റമ്പിളക്കുകയായിരുന്നു. നാലാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന രണ്ട് വിക്കറ്റുകളും വീഴ്ത്തി, നദീം തന്റെ അരങ്ങേറ്റ ടെസ്റ്റ് ഗംഭീരമാക്കി. മികച്ചൊരു റണ്‍ഔട്ടിലൂടെ ഫീല്‍ഡിങില്‍ സാന്നിധ്യമറിയിക്കാനും നദീമിനായി.
ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 296ാമത്തെ കളിക്കാരനായിരുന്നു ജാര്‍ഖണ്ഡുകാരനായ ഷഹബാസ് നദീം. പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാരന്‍ കൂടിയായ നദീം ടീമില്‍ ഇടം നേടുന്നത്. ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ സ്പിന്‍ ബൗളറായ നദീം ഉള്‍പ്പെട്ടിരുന്നില്ല. കുല്‍ദീപ് യാദവായിരുന്നു ടീമിലുണ്ടായിരുന്നത്. എന്നാല്‍ തോളിന് പരിക്കേറ്റ കുല്‍ദീപിന് കളിക്കാനാവില്ലെന്നുറപ്പായതോടെയാണ് നാട്ടുകാരനെ ടീമിലെടുക്കുന്നത്.
ഇശാന്തിന് വിശ്രമം അനുവദിച്ചതും പകരക്കാരനാവേണ്ടിയിരുന്ന കുല്‍ദീപിന് പരിക്കേറ്റതുമാണ് നദീമിന് വഴിതെളിഞ്ഞത്. മാത്രമല്ല തന്റെ നാട്ടിലാണ് കളി എന്നതും വിജയ് ഹസാരെ ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനവും വഴി എളുപ്പമാക്കി. ആഭ്യന്തര മത്സരങ്ങളില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട് നദീമിന്റെ പേരില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 110 മത്സരങ്ങളില്‍ നിന്നായി നദീം വീഴ്ത്തിയത് 424 വിക്കറ്റുകള്‍.