ഓൾറൗണ്ടർ ഷഹബാസ് അഹ്മദിന് ആദ്യമായി ഇന്ത്യൻ ടീമിൽ അവസരം. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ബംഗാൾ താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ പരുക്കേറ്റ് പുറത്തായതോടെയാണ് ഷഹബാസിനു നറുക്ക് വീണത്. കഴിഞ്ഞ ഏതാനും സീസണുകളായി ഐപിഎലിലും ആഭ്യന്തര മത്സരങ്ങളിലും നടത്തുന്ന മികച്ച പ്രകടനങ്ങൾ 27കാരനായ ഷഹബാസിനു തുണയാവുകയായിരുന്നു. ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരമാണ് ഷഹബാസ് അഹ്മദ്.
റോയൽ ലണ്ടൻ വൺ ഡേ കപ്പിൽ ലങ്കാഷയറിനായി കളിക്കുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിനു പരുക്കേറ്റത്. പരുക്കേറ്റതിനെ തുടർന്ന് ഏറെക്കാലം പുറത്തിരുന്നതിനു ശേഷമാണ് താരം കൗണ്ടിയിലൂടെ തിരികെയെത്തിയത്. കൗണ്ടിയ്ക്ക് ശേഷം റോയൽ ലണ്ടൻ വൺ ഡേ കപ്പിലും വാഷിംഗ്ടൺ കളിച്ചു. താരം രണ്ട് ടൂർണമെൻ്റുകളിലും മികച്ച ഫോമിലായിരുന്നു.
സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ കെ.എൽ രാഹുൽ ഇന്ത്യയെ നയിക്കും. കായികക്ഷമത വീണ്ടെടുത്തതോടെയാണ് കെ.എൽ രാഹുലിനെ സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നായകനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്. നേരത്തെ ശിഖർ ധവാനായിരുന്നു ഇന്ത്യൻ നായകൻ. ശിഖർ ധവാൻ ടീമിന്റെ ഉപനായകനാകുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
ആദ്യം ബി.സി.സി.ഐ പുറത്തുവിട്ട 15 അംഗ പട്ടികയിൽ രാഹുലുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരക്കിടെയാണ് രാഹുലിന് പരുക്കേറ്റത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായതോടെ നിരവധി പരമ്പരകൾ നഷ്ട്ടപ്പെട്ടു.
ഓഗസ്റ്റ് 18, 20, 22 തീയതികളിൽ ഹാരാരെ സ്‌പോർട്‌സ് ക്ലബിലാണ് ഏകദിന മത്സരങ്ങൾ നടക്കുക.
മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ശിഖർ ധവാൻ (വൈസ് ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്‌ടൺ സുന്ദർ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, അവേശ് ഖാൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹർ.