ഒരോവറില്‍ ആറ് പന്തുകളാണ് എറിയേണ്ടത്. പക്ഷേ ഏഴ് പന്തുകള്‍ എറിഞ്ഞാല്‍, ആ പന്തില്‍ ഔട്ടായാല്‍ എങ്ങനെയിരിക്കും. ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സും പെര്‍ത്ത് സ്‌കോച്ചേഴ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ ഇങ്ങനെ സംഭവിച്ചു. ഏഴാം പന്തില്‍ ഔട്ട്. പെര്‍ത്ത് സ്‌കോച്ചേഴ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ മിഷേല്‍ ക്ലിങറാണ് അമ്പയര്‍ക്ക് പറ്റിയ അമളിയിലൂടെ പുറത്തായത്. പക്ഷേ രസകരമായ സംഭവം കൂടിയുണ്ടായി. ക്യാച്ചില്‍ സംശയമുണ്ടായതിനാല്‍ തേര്‍ഡ് അമ്പയര്‍ പരിശോധിക്കുകയും ചെയ്തിരുന്നു. പക്ഷേ ഏഴാമത്തെ പന്തിലാണ് പുറത്തായത് എന്ന് മാത്രം കണ്ടെത്താനായില്ല.
പിന്നീട് ടി.വി ടിപ്ലെകളിലാണ് ക്ലിങര്‍ പുറത്തായത് ഏഴാമത്തെ പന്തിലാണെന്ന് വ്യക്തമായത്. കളി കണ്ടിരുന്നവരെല്ലാം ഒന്നടങ്കം ഞെട്ടിയ നിമിഷമായിരുന്നു അത്. പിന്നാലെ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനവും ട്രോളുകളും നിറഞ്ഞു. സാങ്കതിക വിദ്യ ഇത്രത്തോളം വികസിച്ചിട്ടും കൃത്യമായി പന്തിന്റെ എണ്ണം കണ്ടെത്താന്‍ കഴിയാത്തത് നാണക്കേടാണെന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ രേഖപ്പെടുത്തി. അമ്പയര്‍ക്ക് വിമര്‍ശവും ട്രോളുകളും നേരിടേണ്ടിവന്നു. അതേസമയം സംഭവം വിവാദമായതോടെ അന്വേഷിക്കുമെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയയും വ്യക്തമാക്കി. എന്നിരുന്നാലും ആ ഔട്ട് കളിയെ ബാധിക്കാത്തത് കൊണ്ട് വലിയ പ്രശ്‌നമായേക്കില്ല.
മത്സരത്തില്‍ ഏഴ് വിക്കറ്റിന് പെര്‍ത്ത് സ്കോച്ചേഴ്സ് വിജയിച്ചിരുന്നു. 20 ഓവറില്‍ സിഡ്‌നി സിക്‌സേഴ്‌സ് ഉയര്‍ത്തിയത് 178 എന്ന വിജയലക്ഷ്യം. മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി പെര്‍ത്ത് സ്‌കോച്ചേ്‌സ് ജയിക്കുകയും ചെയ്ചു. മറ്റൊരു ഓപ്പണറായ ബെന്‍ക്രോഫ്റ്റ് 87, ആഷ്ടണ്‍ ടേണര്‍ 60 എന്നിവര്‍ തിളങ്ങി. വിവാദ പന്തിലൂടെ ഔട്ടായ ക്ലിങര്‍ക്ക് 2 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ