Cricket Sports

ഐപിഎല്‍ 2023 മാര്‍ച്ച് 31 മുതല്‍; ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മില്‍

ഐപിഎല്‍ 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. മാർച്ച് 31-നാണ് സീസണിലെ ആദ്യ മത്സരം. രണ്ടാം ദിവസം പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും ലക്‌നൗ സൂപ്പർ ജയന്റ്‌സ് ഡൽഹി ക്യാപിറ്റൽസിനെയും നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. 

2022ൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ കിരീടം നേടിയത്. 2023ൽ 12 വേദികളിലായി ഐപിഎൽ മത്സരങ്ങൾ നടക്കും, പത്ത് ഹോം വേദികൾക്ക് പുറമെ ധർമശാലയിലും ഗുവാഹത്തിയിലും മത്സരങ്ങൾ നടക്കും.

അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ വരുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സുമാണ്.

ഐപിഎൽ 2023ലെ ആദ്യ അഞ്ച് മത്സരങ്ങൾ ഇങ്ങനെ:

ചെന്നൈ സൂപ്പർ കിംഗ്‌സ് vs ഗുജറാത്ത് ടൈറ്റൻസ് – മാർച്ച് 31.
പഞ്ചാബ് കിംഗ്സ് vs കൊൽക്കത്ത നൈറ്റ് റൈഡ്സ് – ഏപ്രിൽ 1.
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് vs ഡൽഹി ക്യാപിറ്റൽസ് – ഏപ്രിൽ 1.
സൺറൈസേഴ്സ് ഹൈദരാബാദ് vs രാജസ്ഥാൻ റോയൽസ് – ഏപ്രിൽ 2.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ vs മുംബൈ ഇന്ത്യൻസ് – ഏപ്രിൽ 2

മെയ് 21നാണ് അവസാന ലീഗ് മത്സരം.18 ഡബിൾ ഹെഡറുകൾ ഉൾപ്പെടെ ആകെ 70 ലീഗ് മത്സരങ്ങളാണ് നടക്കുക. ഓരോ ടീമും ഏഴ് ഹോം മത്സരങ്ങളും എവേ മത്സരങ്ങളും വീതം കളിക്കും. 2019ന് ശേഷം ഇന്ത്യയില്‍ ഹോം-എവേ ശൈലിയിലേക്ക് തിരിച്ചെത്തുകയാണ് ഐപിഎല്‍. വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍ കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്ലിന് തുടക്കമാവുക. മെയ് 28ന് ഐപിഎല്‍ കലാശപ്പോരിനും അഹമ്മദാബാദ് സ്റ്റേഡിയമാവും വേദിയാവുക.