Cricket Sports

‘ഗാംഗുലി 40 മിനിറ്റ് കൊണ്ട് എന്റെ ഹൃദയം കീഴടക്കി’ വെളിപ്പെടുത്തി മുന്‍ പാകിസ്താന്‍ സ്പിന്നര്‍

പാകിസ്ഥാന്‍റെ മുന്‍ സ്പിന്‍ ഇതിഹാസം സാഖ്‌ലൈന്‍ മുസ്താഖ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നു. 2005-2006 ല്‍ നടന്ന ഒരു സംഭവം എടുത്തുപറഞ്ഞാണ് സൗരവിനെ അദ്ദേഹം പുകഴ്ത്തിയത്. കേവലം 40 മിനിറ്റ് കൊണ്ട് സൗരവ് എന്റെ ഹൃദയം കീഴടക്കി എന്നാണ് താരം പറയുന്നത്.

‘ഇംഗ്ലണ്ടിലേക്ക് ഇന്ത്യ കളിക്കാന്‍ വന്ന കാലം. ഞാന്‍ അന്നേരം സസിക്സിനായി കളിക്കുന്നുണ്ടായിരുന്നു. ഇന്ത്യക്ക് സസിക്സില്‍ മൂന്ന് ദിവസത്തെ പരിശീലന മത്സരം ഉണ്ടായിരുന്നെങ്കിലും സൗരവ് കളിച്ചിട്ടിരുന്നില്ല’ മുസ്താഖ് യൂറ്റ്യൂബ് വീഡിയോയില്‍ പറഞ്ഞു.

‘2005 – 2006ലാണ് സംഭവം നടക്കുന്നതെന്ന് തോന്നുന്നു. എന്റെ രണ്ട് മുട്ടിനും പരിക്ക് പറ്റി മുന്ന് വര്‍ഷത്തോളമായി വിശ്രമത്തിലായിരുന്നു. പരിക്കിന് ശേഷം തിരിച്ചുവരുന്ന ആദ്യ മത്സരം കാണാന്‍ സൗരവും വന്നിരുന്നു. എന്നെ ബാല്‍ക്കണിയില്‍ കണ്ട അദ്ദേഹം അങ്ങോട്ട് വന്നു. ഞങ്ങള്‍ ഒരുമിച്ച് കോഫി കുടിച്ചു. പരിക്കിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമെല്ലാം ഏകദേശം 40 മിനിറ്റോളം ഞങ്ങള്‍ സംസാരിച്ചു, സൗരവ് ശരിക്കും എന്റെ ഹൃദയം കീഴടക്കുകയായിരുന്നു’ മുസ്താഖ് വീഡിയോയില്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റനായിരുന്നു സൗരവ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സൗരവ് ഗാംഗുലി ക്യാപ്റ്റനായിരുന്നപ്പോള്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ബി.സി.സി.ഐ പ്രസിഡന്റായി രാജ്യത്തെ ക്രിക്കറ്റിനെ ബഹുദൂരം മുന്നോട്ട് കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയുമെന്നും മുസ്താഖ് പറഞ്ഞു.