അയർലൻഡിൽ നടന്ന രണ്ടാം ടി20ക്ക് ശേഷം ലൈവിൽ അജയ് ജഡേജയ്ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ. രണ്ടാം ടി 20 വിജയത്തിന് ശേഷമുള്ള കമന്ററിക്കിടയിലാണ് ഇരുവരും മലയാളത്തിൽ സംസാരിച്ചത്. സഞ്ജു ഇത് കേരളത്തിൽ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്.
താങ്കളുടെ പ്രകടനത്തിൽ അതീവ സന്തോഷവാനാണ് ഞാൻ, പക്ഷെ സെഞ്ച്വറി നേടാതെ പോയതിൽ അൽപം വിഷമമുണ്ട് എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്. അജയ് ഭായ് നമസ്കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ എന്തെല്ലാമെന്ന് സഞ്ജു മറുപടി നൽകി. ഏതായാലും ഇരുവരുടെയും മലയാള സംസാരം ആരാധകർക്കിടയിൽ വളരെ കൗതുകവും ആവേശവുമാണ് സൃഷ്ടിച്ചത്. ആലപ്പുഴയിൽ അമ്മവീടുള്ള അജയ് ജഡേജ കേരളവുമായി അടുത്ത ബന്ധമുള്ളയാളാണ്.
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ നാല് റൺസിനാണ് വിജയിച്ചത്. രണ്ടാം വിക്കറ്റിൽ ദീപക് ഹൂഡക്കൊപ്പം 176 റൺസിൻറെ കൂട്ടുകെട്ടുയർത്തിയ സഞ്ജുവിന് സെഞ്ചുറിയിലെത്താൻ അവസരമുണ്ടായിരുന്നെങ്കിലും പതിനേഴാം ഓവറിൽ മാർക്ക് അഡയറിനെ സിക്സിന് പറത്തിയതിന് പിന്നാലെ യോർക്കറിൽ ക്ലീൻ ബൗൾഡായി പുറത്തായി. 42 പന്തിൽ 77 റൺസെടുത്ത സഞ്ജു നാല് സിക്സും ഒമ്പത് ഫോറും പറത്തി. സഞ്ജു മടങ്ങിയതിന് പിന്നാലെ ഇന്ത്യ 200 കടന്നു. സഞ്ജു-ഹൂഡ സഖ്യം കൂട്ടിച്ചേർത്ത 176 റൺസ് ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്.
അതേസമയം ഇന്നലത്തെ മത്സരത്തിൽ ടോസിന് ശേഷം ടീമിൽ എന്തെങ്കിലും മാറ്റം ഉണ്ടോയെന്ന് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയോട് ചോദിച്ചപ്പോൾ ഗെയ്ക്വാദിന് പകരം സഞ്ജു കളത്തിലറങ്ങുമെന്ന് പറഞ്ഞു. സഞ്ജുവിന്റെ പേര് പറഞ്ഞതും ഗ്രൗണ്ട് മുഴുവൻ ഒരുപോലെ ആർപ്പുവിളിച്ചതുമൊരുമിച്ചായിരുന്നു. ഇത് കണ്ട് അക്ഷാരാർത്തത്തിൽ ഞെട്ടുകയായിരുന്നു ഹർദിക് പാണ്ഡ്യ. ‘ഗ്രൗണ്ടിലെ ഒരുപാട് പേർക്ക് ആ ചേഞ്ച് ഇഷ്ടമായെന്ന് തോന്നുന്നു” എന്നായിരുന്നു ഹർദിക്ക് പറഞ്ഞത്.
സഞ്ജു-ഹൂഡ വെടിക്കെട്ട് കണ്ട മത്സരത്തിൽ 20 ഓവറിൽ 225/7 എന്ന സ്കോർ കെട്ടിപ്പടുത്തപ്പോൾ മത്സരം നാല് റൺസിന് ഇന്ത്യ വിജയിക്കുകയും പരമ്പര 2-0ന് തൂത്തുവാരുകയും ചെയ്തു. അയർലൻഡിന് 20 ഓവറിൽ 221-5 എന്ന സ്കോറിലെത്താനെ കഴിഞ്ഞുള്ളൂ. 57 പന്തിൽ ഒൻപത് ഫോറും ആറ് സിക്സും സഹിതം 104 റൺസുമായി ഹൂഡ കളിയിലെ താരമായി.