അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി മുൻ ദേശീയ താരവും കമൻ്റേറ്ററുമായ ആകാശ് ചോപ്ര. രോഹിത് ശർമയെപ്പോലെയാണ് സഞ്ജു കളിക്കുന്നതെന്നും ക്രീസിലുള്ളപ്പോൾ ഇടതടവില്ലാതെ റൺസ് വരുമെന്നും ചോപ്ര പറഞ്ഞു. മുൻ ഇന്ത്യൻ താരങ്ങളായ അജയ് ജഡേജ, ഇർഫാൻ പത്താൻ, വിൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പ് എന്നിവരൊക്കെ അയർലൻഡിനെതിരായ മത്സരത്തിനു ശേഷം സഞ്ജുവിനെ പ്രശംസിച്ചിരുന്നു.
“സഞ്ജു വളരെ നന്നായി ബാറ്റ് ചെയ്തു. അദ്ദേഹത്തിൻ്റെ തുടക്കം നന്നായിരുന്നു, എന്നാൽ ഇന്നിംഗ്സിന്റെ മധ്യത്തിൽ ഒന്ന് പിന്നാക്കം പോയി. പക്ഷെ, വീണ്ടും അദ്ദേഹം അതിവേഗം സ്കോർ ഉയർത്തി. ബാറ്റ് ചെയ്യുമ്പോഴൊക്കെ സഞ്ജു അത് വളരെ നന്നായി ചെയ്യും. സഞ്ജു ഒരിക്കലും മോശമായി ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. രോഹിത് ശർമയുടെ വിഭാഗത്തിൽ പെടുന്ന ബാറ്ററാണ് സഞ്ജു. കാരണം രോഹിത്തും ബാറ്റ് ചെയ്യുമ്പോഴൊക്കെ അത് വളരെ മനോഹരമായി ചെയ്യും. ഒരു ഇടതടവുമില്ലാതെ റൺസ് വന്നുകൊണ്ടിരിക്കും, ഒപ്പം മത്സരത്തെ മുഴുവൻ നിയന്ത്രിക്കുകയും ചെയ്യും.”-ചോപ്ര പറഞ്ഞു.
തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇർഫാൻ പത്താനും ഇയാൻ ബിഷപ്പും സഞ്ജുവിനെ പുകഴ്ത്തിയത്.
അയർലൻഡിനെതിരെ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സഞ്ജു 42 പന്തിൽ 77 റൺസെടുത്താണ് പുറത്തായത്. 31 പന്തിലായിരുന്നു ഫിഫ്റ്റി. അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ച താരങ്ങളെത്തന്നെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിലും ഇന്ത്യ പരീക്ഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെട്ടിരിക്കുന്ന പരിമിത ഓവർ താരങ്ങളെ ആദ്യ ടി-20യിൽ നിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ മലയാളി സഞ്ജു സാംസണ് മത്സരത്തിൽ ഇടം ലഭിച്ചേക്കും.
ജൂലായ് ഒന്നിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം. ജൂലായ് ഏഴിന് ആദ്യ ടി-20. ടെസ്റ്റ് മത്സരം അഞ്ചാം തീയതിയാണ് അവസാനിക്കുന്നത് എന്നതിനാൽ ടീമിലെ പരിമിത ഓവർ താരങ്ങൾക്ക് വിശ്രമം അനുവദിക്കാനാണ് ബിസിസിഐയുടെ ആലോചന. അങ്ങനെയെങ്കിൽ ജസ്പ്രീത് ബുംറ, വിരാട് കോലി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നീ താരങ്ങൾ ആദ്യ ടി-20യിൽ ഉണ്ടാവില്ല. ജൂലായ് ഒന്നിനും മൂന്നിനും ഇന്ത്യ രണ്ട് ടി-20 സന്നാഹമത്സരങ്ങൾ കളിക്കും. ഈ മത്സരങ്ങളിലും അയർലൻഡിനെതിരെ കളിച്ച ടീം തന്നെയാവും ഇറങ്ങുക.