Cricket Sports

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരികെയെത്തി. പരിക്കേറ്റ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പകരമാണ് ന്യൂസിലന്റ് പര്യടനത്തിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ ന്യൂസിലന്റില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ അംഗമായ താരത്തെ ട്വന്റി 20 ടീമിലേക്കാണ് പരിഗണിച്ചിരിക്കുന്നത്.

ആരാധകരുടെ മുറവിളിക്കും ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്കും ഒടുവിലാണ് ഒരിക്കല്‍ കൂടി സഞ്ജുവിന് ഒരവസരം കൂടി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിലും ടീമിലുണ്ടിരുന്നിട്ടും ഒരേ ഒരു മത്സരത്തില്‍ മാത്രമാണ് കളത്തിലിറങ്ങാനായത്. ആദ്യ പന്തില്‍ സിക്‌സറടിച്ചെങ്കിലും രണ്ടാം പന്തില്‍ പുറത്തായത് സഞ്ജുവിന് തിരിച്ചടിയായിരുന്നു.

ഇത് രണ്ടാം തവണയാണ് ധവാന് പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജു ടീമിലെത്തുന്നത്. അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മികച്ച പ്രകടനം നടത്താനായാല്‍ ടീമില്‍ സുരക്ഷിതമായ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവും ആരാധകരും.

നിലവില്‍ ന്യൂസിലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ അംഗമായ സഞ്ജുവിനെ കൂടാതെ ഏകദിന ടീമിലേക്ക് യുവതാരം പൃഥി ഷായെ ആണ് പരിഗണിച്ചിരിക്കുന്നത്. അഞ്ച് ട്വന്റി 20 കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമടങ്ങിയ പരമ്പരക്ക് ഈ മാസം 24 നാണ് തുടക്കമാവുക.

ടി20 ടീം: കോലി(ക്യാപ്റ്റന്‍), രോഹിത്ത് ശര്‍മ്മ, സഞ്ജു, കെ.എല്‍. രാഹുല്‍, ശ്രേയസ്, മനീഷ് പാണ്ഡേ, പന്ത്(വിക്കറ്റ് കീപ്പര്‍), ദുബെ, കുല്‍ദീപ്, ചാഹല്‍, വാഷിംങ്ടണ്‍ സുന്ദര്‍, ബുംറ, ഷമി, സെയ്‌നി, ജഡേജ, ശാര്‍ദൂല്‍.

ഏകദിനം: കോലി(ക്യാപ്റ്റന്‍), രോഹിത്ത്, പൃഥ്വി, കെ.എല്‍ രാഹുല്‍, ശ്രേയസ്, മനീഷ്, പന്ത്(വിക്കറ്റ് കീപ്പര്‍), ദുബെ, കുല്‍ദീപ്, ചാഹല്‍, കേദാര്‍ ജാദവ്, ബുംറ, ഷമി, സെയ്‌നി, ജഡേജ, ശാര്‍ദൂല്‍.