ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കുള്ള വിളി വന്നതിന് പിന്നാലെ ന്യൂസിലന്റിനെതിരെ തിളങ്ങി സഞ്ജു സാംസണും പൃഥ്വി ഷായും. ന്യൂസിലന്റ് എക്കെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിലാണ് ഇന്ത്യന്‍ യുവതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ ന്യൂസിലന്റിനെ ഇന്ത്യ 123 പന്തുകള്‍ ബാക്കി നില്‍ക്കേ അഞ്ച് വിക്കറ്റിന് തകര്‍ത്തു.
ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്റിനെ 230 റണ്‍സിന് ഓള് ഔട്ടാക്കിയതിന് ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിംങ് പ്രകടനം. ഏകദിനമാണെങ്കിലും ടി 20ശൈലിയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് റണ്ണടിച്ചതോടെ ഇന്ത്യ 29.3 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.
ഓപണറായിറങ്ങിയ പൃഥ്വി ഷാ 35 പന്തുകളില്‍ നിന്നാണ് 48 റണ്‍സ് അടിച്ചത്. മൂന്ന് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഷായുടെ പ്രകടനം. ന്യൂസിലന്റില്‍ നടക്കാനിരിക്കുന്ന ഏകദിന ടീമിലേക്കാണ് പൃഥ്വി ഷായെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സഞ്ജു സാസണാകട്ടെ വെറും 21 പന്തുകളില്‍ നിന്നാണ് 39 റണ്‍ അടിച്ചത്. മൂന്ന് ഫോറും രണ്ട് സിക്സും സഞ്ജു പറത്തി. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരിലെ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ്(185.71) സഞ്ജുവിന്റേതായിരുന്നു. ടി20 ടീമില്‍ പരിക്കേറ്റ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൂര്യകുമാര്‍ യാദവ്(19 പന്തില്‍ 35), ശുഭ്മാന്‍ ഗില്‍(35 പന്തില്‍ 30), മായങ്ക് അഗര്‍വാള്‍(29 പന്തില്‍ 29) എന്നിവരും മോശമാക്കിയില്ല.
നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റേയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ഖലീല്‍ അഹ്മദിന്റേയും അക്സര്‍ പട്ടേലിന്റേയും ബൗളിംഗാണ് കിവീസിനെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ക്യാപ്റ്റന്‍ ടോം ബ്രൂസും(55 പന്തില്‍ 47), രചിന് രവീന്ദ്രയു(49)മായിരുന്നു ന്യൂസിലന്റിന്റെ പ്രധാന സ്കോറര്‍മാര്‍.