Cricket

സഞ്ജുവിനെ പരിഗണിക്കുക ഏകദിനത്തിൽ?; ദക്ഷിണാഫ്രിക്കക്കെതിരെ താരം കളിച്ചേക്കുമെന്ന് സൂചന

ടി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാണ്. ലോകകപ്പ് ടീമിലും ഒപ്പം ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകൾക്കെതിരായ ടി-20 പരമ്പരയിലും സഞ്ജുവിനെ പരിഗണിച്ചില്ല. തീരുമാനത്തിൽ ബിസിസിഐക്കെതിരെ ആരാധകരും മുൻതാരങ്ങളുമൊക്കെ രംഗത്തുവന്നു. എന്നാൽ, നിലവിൽ സഞ്ജുവിനെ ഏകദിന ടീമിലാണ് പരിഗണിക്കുക എന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകളനുസരിച്ച് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിച്ചേക്കും.

ടി-20 ടീമിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങളെ ഏകദിന ടീമിൽ പരിഗണിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവും ഇഷാൻ കിഷനും അടക്കമുള്ള താരങ്ങൾ അണിനിരക്കും. ഏകദിന മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചിടുള്ളത്. അതുകൊണ്ട് തന്നെ താരത്തെ ഏകദിന മത്സരങ്ങളിൽ പരിഗണിച്ച് അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

ഋഷഭ് പന്തും ദിനേശ് കാർത്തികുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. സഞ്ജുവിന് പുറമേ ആവേശ് ഖാനും മുഹമ്മദ് ഷമിക്കും ടീമിൽ ഇടം നേടാൻ സാധിച്ചില്ല. രോഹിത് ശർമ്മയാണ് ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. കെ എൽ രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ.

ഇന്ത്യൻ ടീം; രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര. ചാഹൽ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.