ന്യൂസിലന്റിനെതിരായ അഞ്ചാം ടി20യിലും നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്ന് സഞ്ജു സാംസണ്‍. ഇന്ത്യക്കുവേണ്ടി കളിക്കാന്‍ ലഭിച്ച മൂന്ന് അവസരങ്ങളിലും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയ സഞ്ജുവിന് ഇനി അവസരം ലഭിക്കുമെന്ന് പോലും ഉറപ്പില്ല. അഞ്ച് പന്തുകള്‍ നേരിട്ട് വെറും രണ്ട് റണ്‍ മാത്രമേ സഞ്ജുവിന് നേടാനായുള്ളൂ.
രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യക്കുവേണ്ടി ഓപണറായാണ് സഞ്ജു സാംസണ്‍ ഇറങ്ങിയത്. ടി20യില്‍ ആദ്യം ബാറ്റു ചെയ്യുന്ന ടീമുകള്‍ ശരാശരി 199 റണ്‍ നേടിയിട്ടുള്ള ബേ ഓവലിലെ ബാറ്റിംങ് പിച്ചില്‍ സഞ്ജുവില്‍ നിന്നും മികച്ച ഒരു ഇന്നിംങ്‌സാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ വെറും രണ്ട് റണ്‍ മാത്രമെടുത്തു നില്‍ക്കെ സഞ്ജു കുഗെളിന്റെ പന്തില്‍ സാന്റ്‌നര്‍ക്ക് ഈസി ക്യാച്ച് നല്‍കി മടങ്ങി. റണ്‍ എടുത്തില്ലെന്നത് മാത്രമല്ല മോശം ഷോട്ടുകളിലൂടെയാണ് ഓരോ തവണയും പുറത്തായത് എന്നതും സഞ്ജുവിന് തിരിച്ചടിയാകും.
ശ്രീലങ്കക്കെതിരായ ടി20യില്‍ നാലുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലെത്തിയിരുന്നത്. ആദ്യ പന്തില്‍ സിക്‌സറടിച്ച് രണ്ടാംപന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു സഞ്ജു. പിന്നീട് അവസരം ലഭിച്ചത് ന്യൂസിലന്റില്‍ നാലാം ടി20യില്‍. മനോഹരമായൊരു സിക്‌സര്‍ പറത്തി വീണ്ടും പ്രതീക്ഷ നല്‍കിയ സഞ്ജു ടോപ് എഡ്ജ് നല്‍കി എട്ട് റണ്‍ മാത്രമെടുത്ത് മടങ്ങി. ഇപ്പോഴിതാ മൂന്നാം അവസരത്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായിരിക്കുന്നു.
ലിമിറ്റര്‍ ഓവര്‍ കീപ്പറുടെ സ്ഥാനം താല്‍ക്കാലികമായെങ്കിലും കെ.എല്‍ രാഹുല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ സഞ്ജുവിന് ഇനിയും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. പന്തിന് പുറമേ പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ തുടങ്ങി നിരവധി താരങ്ങളും ഇന്ത്യന്‍ ടീമില്‍ സ്ഥാനത്തിനായി പൊരുതുന്നുണ്ട്. ഐ.പി.എല്ലില്‍ ഗംഭീരപ്രകടനം നടത്തി സഞ്ജു ടി20 ലോകകപ്പ് ടീമിലെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.