ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റ് സമീപകാലത്ത് ഏറ്റവും കൂടുതല്‍ നീതികേട് കാട്ടുന്നത് മലയാളി താരം സഞ്ജു സാംസണിനോടാണെന്നാണ് ആരാധകരുടെ പക്ഷം. പലവട്ടം ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും ആകെ ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് കളിക്കാന്‍ അവസരം നല്‍കിയത്. ധവന് പരിക്കേറ്റതോടെ സഞ്ജു വീണ്ടും ടീമിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തിലും സഞ്ജുവിന് പാഡണിയാന്‍ ഭാഗ്യമുണ്ടായില്ല. സഞ്ജുവിനായി കഴിഞ്ഞ കുറച്ച് നാളുകളായി ഗാലറികളില്‍ നിന്ന് ഉയരുന്ന ആരവം ചെറുതല്ല.
ഇന്ത്യന്‍ ടീം എത്തുന്നിടത്തൊക്കെ സഞ്ജുവിനായി ആര്‍പ്പുവിളികള്‍ ഉയരാറുണ്ട്. ഓക്‍ലന്‍ഡിലെ മത്സരത്തിനിടെയും സഞ്ജുവിന്റെ ആരാധകര്‍ ഗാലറിയിലിരുന്ന് ആരവം ഉയര്‍ത്തി. ഇന്ത്യയുടെ ബാറ്റിങിനിടെയായിരുന്നു സംഭവം. സഞ്ജു… സഞ്ജു… എന്ന ആരവം കേട്ട് ചിരിയോടെ ആരാധകരെ താരം വിലക്കിയെങ്കിലും ആര്‍പ്പുവിളികള്‍ കുറച്ച് ശേഷം കഴിഞ്ഞാണ് അടങ്ങിയത്. മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് വിജയിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് ടി20 പരമ്പരകളിലും ടീമിലുണ്ടിരുന്നിട്ടും ഒരേ ഒരു മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് കളത്തിലിറങ്ങാനായത്. ആ മത്സരത്തില്‍ ആദ്യ പന്തില്‍ സിക്‌സറടിച്ചെങ്കിലും രണ്ടാം പന്തില്‍ പുറത്തായത് സഞ്ജുവിന് തിരിച്ചടിയായിരുന്നു. ഇത് രണ്ടാം തവണയാണ് ധവാന് പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജു ടീമിലെത്തുന്നത്. അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മികച്ച പ്രകടനം നടത്താനായാല്‍ ടീമില്‍ സുരക്ഷിതമായ സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജുവും ആരാധകരും.