Cricket Sports

‘എല്ലാ ബഹുമാനത്തോടെയും വിയോജിക്കുന്നു’ കോഹ്‍ലിയെ വിമര്‍ശിച്ച ഗവാസ്കറിന് മറുപടിയുമായി മഞ്ജരേക്കര്‍

ലോകകപ്പ് തോല്‍വിക്ക് ശേഷവും വിരാട് കോഹ്‍ലി ഇന്ത്യന്‍ നായക സ്ഥാനത്ത് തുടരുന്നതിനെ വിമര്‍ശിച്ച സുനില്‍ ഗവാസ്കറിനെതിരെ മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും രണ്ടെണ്ണം മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടതെന്നും ആയതിനാല്‍ ടീമിന്‍റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു എന്ന ഗവാസ്കറുടെ നിരീക്ഷണം തെറ്റാണ് എന്നും മഞ്ജരേക്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മിഡ് ഡേ ദിനപത്രത്തില്‍ എഴുതിയ കോളത്തിലാണ് അദ്ദേഹം വിരാട് കോഹ്‍ലിയുടെ നായകത്വത്തെ രൂക്ഷമായി വിമര്‍ശിച്ചത്. വിരാട് കോഹ്‍ലിയെ നായകനായി നിയമിച്ചത് ലോകകപ്പ് വരെയാണ്. അതിനുശേഷം അദ്ദേഹത്തെ നായകനായി തുടരാന്‍ അനുവദിക്കുമ്പോള്‍ അതിനായി ചെറിയൊരു മീറ്റിങ് എങ്കിലും വക്കേണ്ടതല്ലേ എന്നും ലോകകപ്പില്‍ ഇന്ത്യയുടേത് ശരാശരിയിലും താഴ്ന്ന പ്രകടനമായിരുന്നുവെന്നും ഗവാസ്കര്‍ ആഞ്ഞടിച്ചിരുന്നു. എല്ലാ ബഹുമാനത്തോടും കൂടി വിയോജിക്കുന്നു എന്നായിരുന്നു ഗവാസ്കര്‍ക്ക് മഞ്ജരേക്കര്‍ നല്‍കിയ മറുപടി.