Cricket Sports

നേപ്പാൾ സൂപ്പർ താരം സന്ദീപ് ലമിഛാനെയ്ക്ക് 8 വർഷം തടവ്

നേപ്പാൾ സൂപ്പർ താരം സന്ദീപ് ലമിഛാനെയ്ക്ക് 8 വർഷം തടവ്. ബലാത്സംഗക്കേസിലാണ് മുൻ ക്യാപ്റ്റൻ കൂടിയായ ലെഗ് സ്പിന്നർ ലമിഛാനെയ്ക്ക് കാഠ്മണ്ഡു ജില്ലാ കോടതി തടവുശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്കൊപ്പം 3 ലക്ഷം രൂപ പിഴയും അതിജീവിതയ്ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. ഐപിഎൽ ഉൾപ്പെടെ ലോകത്തെ വിവിധ ടി-20 ലീഗുകളിൽ കളിച്ച താരം നേപ്പാളിൽ നിന്നുള്ള ഏറ്റവും മികച്ച താരമായിരുന്നു.

2022 സെപ്തംബറിലാണ് അതിജീവിത ലമിഛാനെയ്ക്കെതിരെ പരാതിപ്പെട്ടത്. 2021 ഓഗസ്റ്റിൽ താരം തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു അന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പരാതി. പ്രായപൂർത്തിയായില്ല എന്ന അതിജീവിതയുടെ വാദം കോടതി തള്ളി. ബലാത്സംഗം ചെയ്തു എന്ന പരാതി നിലനിൽക്കുകയും ചെയ്തു.

അന്വേഷണ സമയത്ത് രാജ്യത്തിനു പുറത്തുപോകാൻ ലമിഛാനെയ്ക്ക് അനുവാദമുണ്ടായിരുന്നു. കാഠ്മണ്ഡു വിടാൻ പൊലീസിൻ്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നു. ഈ നിബന്ധനകൾ സുപ്രിം കോടതി നീക്കം ചെയ്തതിനു പിന്നാലെ ലമിഛാനെ വീണ്ടും രാജ്യത്തിനായി കളിച്ചു. 2023 ഡിസംബർ 29ന് താരം കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയും 2024 ജനുവരി 10ന് ലമിഛാനയ്ക്ക് ശിക്ഷ വിധിക്കുകയും ചെയ്തു.