ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരു വിജയം മതിയെന്ന കണക്കുകൂട്ടലില്‍ മത്സരത്തിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് റണ്‍ മല തീര്‍ത്ത് ലഖ്‌നൗവിനെ പരാജയത്തിലേക്ക് തള്ളിവിട്ടു. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് തുടക്കം മുതലേ നയം വ്യക്തമാക്കി ആഞ്ഞടിക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ സാഹ വെടിക്കെട്ട് തുടങ്ങി. മറുവശത്ത് ഗില്ല് പതിയെയാണ് തുടങ്ങിയത്. 43 പന്തിൽ 81 റൺസ് അടിച്ചുകൂട്ടി സാഹ മടങ്ങുമ്പോൾ 12.1 ഓവറിൽ ഓപ്പണിംഗ് സംഘം കൂട്ടിച്ചേർത്തത് 142 റൺസായിരുന്നു.
പിന്നീട് വന്ന ക്യാപ്റ്റൻ ഹർദിക് 15 പന്തിൽ 25 റൺസെടുത്ത് മടങ്ങി. ആദ്യ ഓവറുകളിലെ റൺ റേറ്റ് ഡത്ത് ഓവറുകളിൽ നിലനിർത്താനായില്ലെങ്കിലും 51 പന്തിൽ 94 റൺസ് അടിച്ചുകൂട്ടി പുറത്താവാതെ നിന്ന ഗില്ലിന്റെയും 12 പന്തിൽ 22 റൺസെടുത്ത മില്ലറുടെയും ബാറ്റിംഗ് കരുത്തിൽ 228 റൺസിന്റെ വിജയലക്ഷ്യം തീർക്കുകയായിരുന്നു ഗുജറാത്ത്.
മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് ബാറ്റിങ്ങോടെ തുടങ്ങിയ മയേഴ്സും ഡീ കോക്കും വിജയപ്രതീക്ഷ നൽകിയതാണ്. പക്ഷേ 23 പന്തിൽ 48 റൺസെടുത്ത് മയേഴ്സും 41 പന്തിൽ 70 റൺസുമായി ഡീ കോക്കും പുറത്തായതോടെ വിജയം അകന്നുനിന്നു. 11 പന്തിൽ 21 റൺസ് നേടിയ യുവതാരം ബധോണി ഒഴികെയുള്ള മറ്റ് താരങ്ങൾക്കൊന്നും മികച്ച ബാറ്റിംഗ് പുറത്തെടുക്കാനായില്ല. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് മാത്രമാണ് ലഖ്നൗ സ്വന്തമാക്കിയത്.