ടെസ്റ്റ് ക്രിക്കറ്റിലേതുപോലെ ക്ഷമയോടെ ഒന്നിച്ച് മാത്രമേ കോവിഡ് 19 രോഗത്തേയും നേരിടാനാകൂ…
കോവിഡ് 19 ഭീതിപരത്തി പടരുന്ന സാഹചര്യത്തില്‍ കായികമേഖലയിലെ വിവിധ താരങ്ങള്‍ ബോധവല്‍ക്കരണവും കൊറോണക്കെതിരായ പലവിധ പ്രചരണങ്ങളുമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റില്‍ നിന്നു തന്നെ വിരാട് കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും കെ.എല്‍ രാഹുലും വി.വി.എസ് ലക്ഷ്മണും അടക്കമുള്ളവര്‍ കോവിഡ് 19 പ്രതിരോധസന്ദേശങ്ങള്‍ പങ്കുവെച്ചിനും.
ഇപ്പോഴിതാ കോവിഡ് 19നെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന മാനസികാവസ്ഥയില്‍ നേരിടാമെന്ന് സച്ചിന്‍ ആരാധകരോട് പറഞ്ഞിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തിലായിരുന്നു സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റിനേയും ലോകം നേരിടുന്ന കൊറോണയുടെ ടെസ്റ്റിനേയും ചേര്‍ത്തുവെച്ചത്.
അപരിചിതമായ സാഹചര്യങ്ങളെ ബഹുമാനത്തോടെ പ്രതിരോധിച്ചാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ അതിജീവിക്കാറ്. ക്ഷമയുടെ മൂല്യം അത് നിങ്ങളെ പഠിപ്പിക്കും. പിച്ചിനെക്കുറിച്ച് ധാരണയില്ലെങ്കിലോ ബൗളര്‍മാര്‍ ഗംഭീരമായി പന്തെറിയുമ്പോഴോ നമ്മള്‍ പ്രതിരോധിക്കാറാണ് പതിവ്- സച്ചിന്‍ പറയുന്നു.
വ്യക്തിപരമായ മികവുകള്‍ ടെസ്റ്റ് ക്രിക്കറ്റിനേക്കാള്‍ ക്രിക്കറ്റിന്റെ മറ്റു ഫോര്‍മാറ്റുകളിലാണ് ഗുണം ചെയ്യാറ്. ഒത്തൊരുമിച്ചുള്ള പരിശ്രമങ്ങളേ ടെസ്റ്റ് ക്രിക്കറ്റില്‍ വിജയിക്കാറുള്ളൂ. ഏതെങ്കിലും ബാറ്റ്‌സ്മാന് എളുപ്പത്തില്‍ കളിക്കാന്‍ സാധിക്കുന്ന ഓവറുകള്‍ കൂടുതല്‍ ലഭിക്കുകയും അയാള്‍ അത് മുതലാക്കുകയും മറ്റുള്ളവര്‍ക്ക് അവസരം നല്‍കാതിരിക്കുകയും ചെയ്താല്‍ ടീമിന് പ്രത്യേകിച്ച് ഗുണമുണ്ടാകില്ല. അയാളുടെ സ്‌കോര്‍ മികച്ചതായാല്‍ പോലും ടീം തകരും. ഇത് നമുക്ക് എല്ലാവര്‍ക്കും പാഠമാണ്.
ഈ കൊറോണ കാലത്ത് വ്യക്തികളെന്ന നിലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും നമ്മള്‍ കണക്കിലെടുത്തേ മതിയാവൂ. നമുക്ക് ഒന്നിച്ചു നിന്നാല്‍ മാത്രമേ ഈ മഹാമാരിയെ നേരിടാനാകൂ. ടെസ്റ്റിലേതുപോലെ സെഷനുകളാക്കി തിരിച്ച് വേണം നമ്മള്‍ കൊറോണയേയും നേരിടാന്‍. എങ്കില്‍ അന്തിമ വിജയം നമുക്കായിരിക്കുമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു.