Cricket Sports

സച്ചിനും സേവാഗും തകര്‍ത്തടിച്ചു, ഇന്ത്യക്ക് ജയം

ഒരിക്കല്‍ കൂടി നിറഞ്ഞു കവിഞ്ഞ മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സച്ചിന്‍… സച്ചിന്‍ വിളികളാല്‍ മുഖരിതമായി. സച്ചിനും സേവാഗും ബാറ്റിംഗിനിറങ്ങി…

എട്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം സച്ചിനും സേവാഗും ഇന്ത്യക്കുവേണ്ടി ഓപണിങിനിറങ്ങി. പതിവുതെറ്റിക്കാതെ തകര്‍ത്തടിച്ചു. ഒടുവില്‍ ഇന്ത്യ കളി ജയിക്കുകയും ചെയ്തു. റോഡ് സുരക്ഷാ ലോക സീരീസിന്റെ ഭാഗമായുള്ള ഇന്ത്യ ലെജന്റ്‌സ് വെസ്റ്റ്ഇന്‍ഡീസ് ലെജന്റ്‌സ് മത്സരമാണ് ഭൂതകാലത്തെ ആവേശ നിമിഷങ്ങള്‍ ആരാധകര്‍ക്ക് വീണ്ടും സമ്മാനിച്ചത്.

ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിനായി ഗാരന്‍ ഗംഗയും ശിവ്‌നരെയ്ന്‍ ചന്ദ്രപോളും 40 റണ്‍സിന്റെ ഓപണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കി. മൂന്നാമനായി ഇറങ്ങിയ ലാറ 17 റണ്‍സെടുത്ത് പുറത്തായി. 41 പന്തില്‍ 61 റണ്‍സെടുത്ത ചന്ദ്രപോളിന്റെ മികവില്‍ 8ന് 150റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് കുറിച്ചത്.

മറുപടിയില്‍ ഇന്ത്യ ബാറ്റിംങിനിറങ്ങിയപ്പോഴായിരുന്നു ഇന്ത്യന്‍ ആരാധകരുടെ മനസു നിറച്ച പ്രകടനം സച്ചിന്‍ സേവാഗ് ജോഡി പുറത്തെടുത്തത്. ഒരിക്കല്‍ കൂടി നിറഞ്ഞു കവിഞ്ഞ മുംബൈയിലെ വാംഖഡെ സ്റ്റേഡിയം സച്ചിന്‍… സച്ചിന്‍ വിളികളാല്‍ മുഖരിതമായി. ഗാലറിയിലെ ആവേശം ഇരട്ടിപ്പിച്ച് സച്ചിനും സേവാഗും ബാറ്റിംങിനിറങ്ങി.

നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറിയടിച്ചാണ് സെവാഗ് തുടങ്ങിയത്. 29 പന്തില്‍ 36 റണ്‍സെടുത്താണ് സച്ചിന്‍ പുറത്തായത്. 57 പന്തില്‍ 74 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സെവാഗ് കളിയിലെ താരത്തിന്റെ പുരസ്‌കാരവുമായാണ് മടങ്ങിയത്.