Cricket Sports

ഏഴു വര്‍ഷത്തിന് ശേഷം ശ്രീശാന്ത് കേരള ടീമില്‍; സഞ്ജു ക്യാപ്റ്റന്‍

തിരുവനന്തപുരം: ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ എസ് ശ്രീശാന്ത് കേരള ടീമില്‍. സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിന് വേണ്ടിയുള്ള ടീമിലാണ് ശ്രീ ഇടം പിടിച്ചത്. ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ ആണ് ക്യാപ്റ്റന്‍.

20 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചത്. റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നിവര്‍ അതിഥി താരങ്ങളായും ടീമില്‍ ഇടംപിടിച്ചു.

ജനുവരി 11ന് പുതുച്ചേരിക്ക് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്ക്കും 15ന് ഡല്‍ഹിക്കുമെതിരെയാണ് മത്സരം. ആന്ധ്രയ്‌ക്കെതിരെ ജനുവരി 17നും ഹരിയാനയ്‌ക്കെതിരെ ജനുവരി 19നുമാണ് മത്സരം.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് കേരള ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2013ല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താല്‍ കോടതി പിന്നീട് താരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. പിന്നീട് സുപ്രിംകോടതി ഇടപെട്ട ശേഷമാണ് ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്.

കേരള ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍) സച്ചിന്‍ ബേബി (വൈ. ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ് ശ്രീശാന്ത്, നിതീഷ് എം ഡി, ആസിഫ് കെ എം, അക്ഷയ് ചന്ദ്രന്‍, മിഥുന്‍ പി കെ, അഭിഷേക് മോഹന്‍, വിനൂപ് എസ് മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍, രോഹന്‍ കുന്നുമ്മല്‍, മിഥുന്‍ എസ്, വട്സല്‍ ഗോവിന്ദ്, റോജിത്, ശ്രീരൂപ് എംപി.