Cricket

പ്ലേഓഫ്‌ പ്രതീക്ഷകൾ നിലനിർത്തി രാജസ്ഥാൻ; പഞ്ചാബിനെതിരെ 4 വിക്കറ്റ് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാന് റോയൽസിന് ജയം. ഇഞ്ചോടിഞ്ച് മത്സരത്തിൽ രാജസ്ഥാന്റെ വിജയം 4 വിക്കറ്റുകൾക്ക്. അവസാന ഓവർ വരെ ആവേശം നിലനിന്ന മത്സരത്തിൽ ദ്രുവ് ജൂറെലാണ് ടീമിന്റെ വിജയശില്പിയായത്. 188 വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ലക്‌ഷ്യം കണ്ടത്.

കടുപ്പമേറിയ മത്സരമായിരുന്നു ഇന്ന് ധർമശാലയിൽ നടന്നത്. ബോളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിൽ ഇരു ടീമുകൾക്കും അടിതെറ്റി. ഓപ്പണറായി ഇറങ്ങിയ യശസ്വി ജയ്‌സ്വാളും റണ്ണൊന്നും എടുക്കാതെ പുറത്തായ ബട്ലറിന് ശേഷമെത്തിയ ദേവദത്ത് പടിക്കലും അർദ്ധ സെഞ്ച്വറി നേടി. റബാഡയുടെ പന്തിൽ ലെഗ് ബൈയിൽ കുരുങ്ങുയായിരുന്നു ബട്ലർ.

മത്സരത്തിൽ രാജസ്ഥാന് വേണ്ടി കളിക്കളത്തിൽ പോരാട്ടവീര്യം കാഴ്ചവെച്ച യശസ്വി ജയ്‌സ്വാൾ ഐപിഎല്ലിൽ 600 റൺസ് പിന്നിടുന്ന ആദ്യ അൺ ക്യാപ്പ്ഡ് താരമായി മാറി. രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഇന്ന് നിരാശപ്പെടുത്തി. മൂന്ന് ബോൾ മാത്രം നേരിട്ട താരം 2 റണ്ണുകൾ എടുത്ത് ചാഹറിന്റെ പന്തിൽ പുറത്തായി. തുടർന്ന്, ഹെർട്മയേറും റിയാൻ പരാഗും ചേർന്നാണ് മത്സരത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചത്. 12 പന്തിൽ നിന്നും 20 റൺസ് എടുത്ത് പരാഗും 27 പന്തിൽ നിന്നും 46 റണ്ണുകൾ എടുത്ത് ഹെർട്മെയേറും ടീമിനെ മുന്നോട്ട് നയിച്ചു.