പുറത്തുവരുന്ന റിപ്പോർട്ടുകളൊക്കെ തകർത്തുകൊണ്ട് പുതിയ ഐപിഎൽ ടീമുകൾക്കുള്ള ഉടമകളെ പ്രഖ്യാപിച്ചു. സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ട്ണേഴ്സുമാണ് പുതിയ രണ്ട് ടീമുകളുടെ ഉടമകളാവുക. 7090 കോടി രൂപയോടെ ആർപിഎസ്ജിയാണ് ഏറ്റവും ഉയർന്ന ടെൻഡർ സമർപ്പിച്ചത്. 5600 കോടി രൂപയുടെ ടെൻഡർ സമർപ്പിച്ച സിവിസി രണ്ടാമത് എത്തി. (Sanjiv Goenka CVC IPL)
കോഴ വിവാദത്തെ തുടർന്ന് രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിംഗ്സിനെയും വിലക്കിയിരുന്ന രണ്ട് സീസണുകളിൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പിന് ഐപിഎൽ ടീം ഉണ്ടായിരുന്നു. പൂനെ ആസ്ഥാനമാക്കിയുള്ള റൈസിങ് പൂനെ സൂപ്പർ ജയൻ്റ് ആയിരുന്നു ആർപിഎസ്ജി ഗ്രൂപ്പിൻ്റെ ടീം. രാജസ്ഥാനും ചെന്നൈയും തിരികെ എത്തിയതോടെ ഈ ടീം ഇല്ലാതായി. ഫോർമുല 1ൻ്റെ ഉടമസ്ഥരായിരുന്ന ഇക്വിറ്റി ഫേം സിവിസി ക്യാപിറ്റൽ പാർട്ണേഴ്സ് സ്റ്റാർക്ക് ഗ്രൂപ്പ്, സ്കൈ ബെറ്റിങ് ആൻഡ് ഗെയിമിങ് തുടങ്ങിയ കമ്പനികളുടെയും ഉടമകളാണ്.
ലക്നൗ, അഹ്മദാബാദ് എന്നീ നഗരങ്ങളിലാണ് പുതിയ ഫ്രാഞ്ചൈസികൾ. ആർപിഎസ്ജിക്ക് ലക്നൗവും സിവിസിക്ക് അഹ്മദാബാദും ലഭിച്ചു. അഹ്മദാബാദ് ഫ്രാഞ്ചൈസിക്ക് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയമാവും ഹോംഗ്രൗണ്ട്.
22 ഗ്രൂപ്പുകളാണ് പുതിയ ടീമുകൾക്കായി രംഗത്തുണ്ടായിരുന്നത്. അദാനി ഗ്രൂപ്പ്, ഗ്ലേസർ ഫാമിലി, ആർപിഎസ്ജി ഗ്രൂപ്പ്, ജിൻഡാൽ സ്റ്റീൽ, ഹിന്ദുസ്താൻ ടൈംസ് മീഡിയ, സിവിസി ക്യാപിറ്റൽസ് ഓറോബിനോ ഫാർമ തുടങ്ങിയവർ ബിഡ് സമർപ്പിച്ചു. ടോറൻ്റ് ഫാർമ, റിതി സ്പോർട്സ് എന്നിവർ ബിഡ് സമർപ്പിക്കുന്നതിൽ നിന്ന് പിന്മാറി.
അതേസമയം, ഉടൻ നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി ടീമുകൾക്ക് നിലനിർത്താവുന്നത് നാല് താരങ്ങളെയെന്ന് റിപ്പോർട്ട് വന്നിരുന്നു. പരമാവധി 3 ഇന്ത്യൻ താരങ്ങളെയും രണ്ട് വിദേശികളെയുമാണ് നിലനിർത്താൻ അനുവാദമുള്ളത്. രാജ്യാന്തര മത്സരം കളിച്ചിട്ടില്ലാത്ത താരങ്ങളിൽ പരമാവധി രണ്ട് പേരെ നിലനിർത്താനാണ് അനുമതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിക്ക്‌ബസ് ആണ് വാർത്ത പുറത്തുവിട്ടത്.