റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറുവിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ്. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 11 പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. (CSK VS RCB)
ഒന്നാം വിക്കറ്റിൽ ഋതുരാജ് ഗൈക്വർഡും ഫാഫ് ഡു പ്ലെസിയും 71 റൺസ് നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. 26 പന്തിൽ 38 റൺസ് നേടിയ ഋതുരാജ്നെ ചഹാലിന്റെ പന്തിൽ വിരാട് കോലി തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ഫാഫ് ഡു പ്ലെസിയെ ഗ്ലെൻ മാക്സ് വെല്ലും പുറത്താക്കി.
എന്നാൽ പിന്നീട് ഇറങ്ങിയ മോയിൻ അലിയും അമ്പാട്ടി റായിഡുവും അവസരത്തിനൊത്ത് ബാറ്റ് വീശി. ഇരുവരെയും ഹർഷൽ പട്ടേൽ പുറത്താക്കിയെങ്കിലും സുരേഷ് റെയ്‍നയും ധോണിയും ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു.
ഇതോടെ, ഒൻപതു കളികളിൽനിന്ന് 14 പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഡൽഹിക്കും ഒൻപത് കളികളിൽനിന്ന് 14 പോയിന്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റിൽ അവർ പിന്നിലായി. ബാംഗ്ലൂർ തുടർച്ചയായ രണ്ടാം തോൽവിയോടെ ഒൻപത് കളികളിൽ നിന്ന് 10 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.