ഐപിഎലിൽ ഇന്ന് രാജസ്ഥൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. പോയിൻ്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസ് മൂന്നാമതും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അഞ്ചാമതുമാണ്. രണ്ട് ടീമുകൾക്കും അഞ്ച് ജയം സഹിതം 10 പോയിൻ്റ് വീതം ഉണ്ടെങ്കിലും രാജസ്ഥാൻ ഏഴ് മത്സരങ്ങളും ബാംഗ്ലൂർ എട്ട് മത്സരങ്ങളുമാണ് കളിച്ചിട്ടുള്ളത്. രാജസ്ഥാൻ്റെ നെറ്റ് റൺ റേറ്റും മികച്ചതാണ്. ഇന്ന് വിജയിച്ചാൽ ബാംഗ്ലൂർ രണ്ടാമതെത്തും. രാജസ്ഥാൻ വിജയിച്ചാൽ സഞ്ജുവും സംഘവും ഒന്നാം സ്ഥാനത്തേക്ക് മുന്നേറും.
ദിനേഷ് കാർത്തിക്, ഗ്ലെൻ മാക്‌സ്‌വെൽ, ഷഹബാസ് അഹ്മദ് എന്നീ താരങ്ങൾ മാത്രമാണ് ബാംഗ്ലൂർ ബാറ്റിംഗ് നിരയിൽ മികച്ച പ്രകടനം നടത്തുന്നത്. ഫാഫ് ഡുപ്ലെസി, അനുജ് റാവത്ത്, വിരാട് കോലി എന്നിവർ അടങ്ങിയ ടോപ്പ് ത്രീ നടത്തുന്ന മോശം പ്രകടനങ്ങൾ അവർക്ക് കനത്ത തിരിച്ചടിയാണ്. തുടരെ രണ്ട് തവണ ഗോൾഡൻ ഡക്കായി എത്തുന്ന കോലി കരിയറിലെ ഏറ്റവും മോശം ഫോമിലാണ്. ഡുപ്ലെസിയും ഇതുവരെയുള്ളതിൽ ഏറ്റവും മോശം ഫോമിലാണ്. റാവത്ത് ആവട്ടെ തുടരെ കിട്ടിയ അവസരങ്ങൾ വിനിയോഗിക്കുന്നുമില്ല. ബാറ്റിംഗ് നിരയെ രക്ഷിക്കേണ്ട ഉത്തരവാദിത്തം മാക്സ്‌വെൽ, ഷഹബാസ്, കാർത്തിക് എന്നിവരിൽ മാത്രമായി ചുരുങ്ങുന്നത് ഒരു ടീം എന്ന നിലയിൽ ആർസിബിയുടെ പരാജയമാണ്. ബൗളിംഗ് നിര മികച്ചതാണ്. മോശം ഫോമിലുള്ള അനുജ് റാവത്തിനു പകരം മഹിപാൽ ലോംറോർ കളിച്ചേക്കും. അങ്ങനെയെങ്കിൽ കോലി ഡുപ്ലെസിക്കൊപ്പം ഓപ്പൺ ചെയ്തേക്കും.
രാജസ്ഥാൻ നിരയിൽ ബാറ്റിംഗ് നിര ശക്തമാണ്. ജോസ് ബട്‌ലർ ഫോമിൻ്റെ പീക്കിലാണ്. ദേവ്‌ദത്തിന് ചില ഓഫ് ഡേകൾ ഉണ്ടാവാറുണ്ടെങ്കിലും താരം മോശം പ്രകടനങ്ങളല്ല നടത്തുന്നത്. സഞ്ജു ക്യാപ്റ്റൻ എന്ന നിലയിലും താരം എന്ന നിലയിലും ടീമിനു വേണ്ട പ്രകടനങ്ങൾ നടത്തുന്നു. ഹെട്‌മെയർ ഫിനിഷറുടെ റോൾ കൃത്യമായി ചെയ്യുന്നു. റിയൻ പരഗ് ഇതുവരെ ഒരു മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചിട്ടില്ല എന്നത് ആശങ്കയാണ്. ബാറ്റിംഗ് നിരയിൽ ചില വിടവുകൾ ഉണ്ടെങ്കിലും അത് രാജസ്ഥാനെ ബാധിച്ചേക്കില്ല. ബൗളിംഗ് വിഭാഗത്തിൽ ഡെത്ത് ഓവർ എറിയാൻ ഒരു ഓപ്ഷനില്ല എന്നത് രാജസ്ഥാനു തലവേദനയാണ്. ഒബേദ് മക്കോയ് കൊൽക്കത്തയ്ക്കെതിരെ നന്നായി പന്തെറിഞ്ഞെങ്കിലും ഡൽഹിക്കെതിരെ കൈവിട്ടു. ബോൾട്ട്, പ്രസിദ്ധ് എന്നിവരൊക്കെ പവർ പ്ലേയിൽ മികച്ച താരങ്ങളാണ്. അശ്വിനും ചഹാലും മധ്യ ഓവറുകൾ നിയന്ത്രിക്കുന്നു. ചഹാലിനെ ഡെത്ത് ഓവറുകളിൽ ഉപയോഗിക്കുന്ന സഞ്ജുവിൻ്റെ തന്ത്രം മികച്ചതാണ്. ഏഴാം നമ്പറിൽ ഒരു ഓൾറൗണ്ടർ ഇല്ലാത്തതും രാജസ്ഥാന് തിരിച്ചടിയാണ്.