Cricket Sports

ലോകകപ്പിനു ശേഷം ഏകദിന, ടി-20 മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യൻ ക്യാപ്റ്റനായേക്കുമെന്ന് റിപ്പോർട്ട്

ഏകദിന, ടി-20 മത്സരങ്ങളിൽ രോഹിത് ശർമ്മ ഇന്ത്യയെ നയിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷം താരം ഇന്ത്യയുടെ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിനെ നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ, കോലി ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമ്പോൾ രോഹിത് പകരം ക്യാപ്റ്റൻ സ്ഥാനമേറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടി-20ക്കൊപ്പം ഏകദിന മത്സരങ്ങളിലും രോഹിത് ഇന്ത്യയെ നയിക്കുമെന്നാണ് വിവരം. (Rohit Sharma Captain ODI T20I)

അതേസമയം, ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ ഇതിഹാസ താരം രാഹുൽ ദ്രാവിഡ് സമ്മതമറിയിച്ചു എന്ന് സൂചനകളുണ്ട്. ടി-20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്‌ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ട് സ്റ്റാഫ് -ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്നതോടെയാണിത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കും എന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നു.

ഇന്ത്യൻ പരിശീലകനാവാൻ രാഹുൽ ദ്രാവിഡിന് ബിസിസിഐ നൽകുന്ന ശമ്പളം 10 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യൻ പരിശീലകരിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി ദ്രാവിഡ് മാറും. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകൻ പരസ് മാംബ്രെ ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുണ്ട്.

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ് ഇപ്പോൾ. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടർ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു.

ടി-20 ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസീലൻഡ് പരമ്പര മുതലാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിക്കുക. ടി-20 ലോകകപ്പിന് ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. ഈ പരമ്പര മുതൽ 2023 ഏകദിന ലോകകപ്പ് വരെ ദ്രാവിഡ് ഇന്ത്യൻ ടീം പരിശീലകനായി തുടരും.