ശ്രീലങ്കക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ യുവ പേസർ അർഷ്ദീപ് സിംഗിൻ്റെ നിർദ്ദേശം അവഗണിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. തന്നോട് എന്തോ പറയാൻ ശ്രമിക്കുന്ന അർഷ്ദീപിൻ്റെ നിർദ്ദേശത്തെ അവഗണിച്ച് പോകുന്ന രോഹിതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അർഷ്ദീപ് പറയുന്നത് മുഴുവൻ കേൾക്കാനുള്ള ക്ഷമ പോലും രോഹിത് കാണിക്കുന്നില്ല. ഇതോടെ രോഹിതിനെതിരെ കടുത്ത വിമർശനങ്ങളാണ് ട്വിറ്ററിൽ ഉയരുന്നത്.
പാകിസ്താനെതിരായ കഴിഞ്ഞ സൂപ്പർ ഫോർ മത്സരത്തിൽ ആസിഫ് അലിയുടെ ക്യാച്ച് നിലത്തിട്ട അർഷ്ദീപിനോട് രോഹിത് ശർമ ദേഷ്യപ്പെട്ടത് നേരത്തെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെ ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിലാണ് താരത്തിൻ്റെ നിർദ്ദേശം രോഹിത് അവഗണിച്ചത്. അവസാന ഓവറിൽ 7 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ അഞ്ചാം പന്ത് വരെ പിടിച്ചുനിർത്താൻ അർഷ്ദീപിനു സാധിച്ചു.
ഇന്ത്യ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കേ ശ്രീലങ്ക മറികടക്കുകയായിരുന്നു. സൂപ്പർ 4 റൗണ്ടിൽ ടീം ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ഇതോടെ ഫൈനലിൽ നിന്ന് ടീം ഏറെക്കുറെ പുറത്തായി. സെപ്റ്റംബർ 8 ന് അഫ്ഗാനിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.
അർധ സെഞ്ച്വറി നേടിയ കുസൽ മെൻഡിസ്, പാത്തും നിസ്സാങ്ക എന്നിവരാണ് ലങ്കയുടെ വിജയ ശിൽപികൾ. ക്യാപ്റ്റൻ ദാസുൻ ഷനക പുറത്താകാതെ 33 റൺസും ഭാനുക രാജപക്സെ പുറത്താകാതെ 25 റൺസും നേടി ടീമിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചാഹൽ 34 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്രൻ അശ്വിൻ ഒരു വിക്കറ്റും നേടി.
ഇന്ത്യക്കായി 72 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് തിളങ്ങിയത്.