ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ ദയനീയമായ തോൽവിക്ക് പിന്നാലെ, ഇൻഡോർ പിച്ച് വിവാദങ്ങളിൽ മൗനം വെടിഞ്ഞ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സ്പിൻ പിച്ചിൽ കളിക്കാനുള്ള തീരുമാനം ടീം കൂട്ടായി കൈക്കൊണ്ടതാണ്. ഇന്ത്യൻ താരങ്ങൾക്കും ഇത് വെല്ലുവിളിയാകുമെന് അറിയാമായിരുന്നു. പിച്ച് എങ്ങനെയോ ആവട്ടെ നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ ഗ്രൗണ്ടിൽ നടപ്പാക്കുകയാണ് വേണ്ടതെന്നും രോഹിത് ശർമ്മ പ്രതികരിച്ചു.
ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ രണ്ടും മൂന്നും ദിവസത്തിൽ അവസാനിക്കുന്നതിനെക്കുറിച്ച് വിമർശനം ഉയരുന്നതിനിടെ വിഷയത്തിലും രോഹിത് ശർമ പ്രതികരിച്ചു. “ഇന്ത്യയ്ക്ക് പുറത്ത് പോലും മത്സരങ്ങൾ അഞ്ച് ദിവസം നീണ്ടുനിൽക്കില്ല. ദക്ഷിണാഫ്രിക്കയിലെ കളി മൂന്ന് ദിവസം കൊണ്ട് അവസാനിച്ചു. പാകിസ്താനിൽ കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം നീണ്ടപ്പോൾ ആളുകൾക്ക് ബോറടിച്ചിരുന്നു. ഇവിടെ മൂന്ന് ദിവസം കൊണ്ട് ടെസ്റ്റ് തീർത്ത് ഞങ്ങൾ കാണികളെ കൂടുതൽ ആവേശത്തിലാഴ്‌ത്തുകയല്ലെ ചെയ്യൂന്നത്?”- രോഹിത് പറഞ്ഞു.
“ഈ പിച്ച് സംസാരം അൽപ്പം കൂടുതലാണ്. ഞങ്ങൾ ഇന്ത്യയിൽ കളിക്കുമ്പോഴെല്ലാം പിച്ചിലാണ് ശ്രദ്ധ. എന്തുകൊണ്ടാണ് ആളുകൾ എന്നോട് നഥാൻ ലിയോണിനെക്കുറിച്ച് ചോദിക്കാത്തത്? അവൻ എത്ര നന്നായി ബൗൾ ചെയ്തു? രണ്ടാം ഇന്നിംഗ്‌സിൽ പൂജാര എത്ര നന്നായി ബാറ്റ് ചെയ്തു. ഉസ്മാൻ ഖവാജ എത്ര നന്നായി കളിച്ചു,” രോഹിത് കൂട്ടിച്ചേർത്തു. സ്പിൻ പിച്ചുകളിൽ കളിക്കുമ്പോൾ കുറച്ചുകൂടി ധൈര്യത്തോടെ കളിക്കണം. ആദ്യ രണ്ട് ടെസ്റ്റിൽ എങ്ങനെയാണോ ജയിച്ചത് അതേ തന്ത്രങ്ങളുമായാകും അടുത്ത ടെസ്റ്റിന് തയ്യാറെടുപ്പ് നടത്തുകയെന്നും രോഹിത് പറഞ്ഞു.