ബാറ്റർ എന്ന നിലയിൽ രവീന്ദ്ര ജഡേജയെ കൂടുതലായി ഉപയോഗിക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ജഡേജ എന്നും രോഹിത് പറഞ്ഞു. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് രോഹിത് ശർമ്മ ഇക്കാര്യം വ്യക്തമാക്കിയത്.
“ഒരു ക്യാപ്റ്റനെന്ന നിലയിൽ ജഡേജയെ ബാറ്ററെന്ന നിലയിൽ കൂടുതൽ ഉപയോഗിക്കാൻ ഞാൻ ശ്രമിക്കും. ജഡേജയുടെ ബൗളിംഗിനെയും ഫീൽഡിംഗിനെയും കുറിച്ച് നമുക്കറിയാം. തീർച്ചയായും ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ജഡേജ. അദ്ദേഹത്തിൻ്റെ പ്രകടനം നോക്കൂ. 175 റൺസ് അടിച്ചിട്ട് 9 വിക്കറ്റ് നേടി.”- രോഹിത് പറഞ്ഞു.
ഒന്നാം ടെസ്റ്റിൽ ഇന്നിങ്‌സിനും 222 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. 400 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ഫോളോ ഓൺ ചെയ്ത ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിൽ 178 റൺസിന് ആൾ ഔട്ടായി. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യൻ ബോളർമാർ ശ്രീലങ്കയുടെ 16 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. രണ്ടു ദിവസത്തെ കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ വിജയം.
അസാമാന്യ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ജഡേജ പുറത്താകാതെ 175 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററാവുകയും രണ്ട് ഇന്നിങ്‌സിലുമായി ഒൻപത് വിക്കറ്റ് എറിഞ്ഞിടുകയും ചെയ്തു. രണ്ട് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ ഇപ്പോൾ മുന്നിലാണ്. സ്‌കോർ: ശ്രീലങ്ക 174, 178. ഇന്ത്യ 574/8 ഡിക്ലയേർഡ്.