Cricket Sports

‘ടി20-യിൽ നിന്ന് വിട്ടുനിൽക്കാൻ പദ്ധതിയില്ല, എന്ത് സംഭവിക്കുമെന്ന് നോക്കാം’; രോഹിത് ശർമ്മ

ടി20 ക്രിക്കറ്റിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഭാവി തുലാസിൽ നിൽക്കുകയാണ്. ഈ ഫോർമാറ്റിൽ തന്റെ ഭാവി എന്തായിരിക്കുമെന്ന് ഇപ്പോൾ രോഹിത് ശർമ്മ തന്നെ പറഞ്ഞിരിക്കുന്നു. ടി20 അന്താരാഷ്ട്ര മത്സരങ്ങൾ ഉപേക്ഷിക്കാൻ പദ്ധതിയില്ലെന്നാണ് താരത്തിൻ്റെ പ്രതികരണം. ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത് ഇക്കാര്യം അറിയിച്ചത്.

ഏകദിനത്തിലും ടെസ്റ്റ് മത്സരങ്ങളിലും മാത്രമേ രോഹിത് ടീമിനെ നയിക്കൂ എന്നും ടി20യിൽ ഹാർദിക്കിന് മുഴുവൻ സമയ ക്യാപ്റ്റൻസി നൽകുമെന്നും ഊഹാപോഹമുണ്ട്. ഇതോടൊപ്പം ചില സീനിയർ താരങ്ങളെ ഇനി ഏകദിനത്തിനും ടെസ്റ്റ് ക്രിക്കറ്റിനും മാത്രമായി തെരഞ്ഞെടുക്കുമെന്നതും ചർച്ചയാകുന്നുണ്ട്. ശ്രീലങ്കയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച ടി20 പരമ്പരയ്ക്കുള്ള ഹ്രസ്വ ഫോർമാറ്റ് ടീമിൽ രോഹിത്, മുൻ നായകൻ വിരാട് കോലി, കെ.എൽ രാഹുൽ എന്നിവരെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനിടെയാണ് രോഹിത്തിന്റെ പ്രതികരണം.

‘ഒന്നാമതായി, ബാക്ക് ടു ബാക്ക് മത്സരങ്ങൾ കളിക്കാൻ കഴിയില്ല. വിശ്രമം അത്യാവശ്യമാണ്. ന്യൂസീലൻഡിനെതിരേ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പര വരുന്നുണ്ട്. ഐപിഎല്ലിന് ശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാം. ഈ ഫോർമാറ്റ് വിടാൻ ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല’ – രോഹിത് ശർമ്മ പറഞ്ഞു. പരുക്ക് മൂലം ജസ്പ്രീത് ബുംറ ഏകദിന പരമ്പരയിൽ നിന്ന് പുറത്തായ സാഹചര്യവും രോഹിത് വ്യക്തമാക്കി. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ നെറ്റ്സിൽ ബൗൾ ചെയ്യുമ്പോൾ ജസ്പ്രീത് ബുംറയ്ക്ക് കാഠിന്യം അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലും ഓപ്പണിംഗ് ജോഡിയായി ഇറങ്ങി. രോഹിത് തിരിച്ചെത്തിയതോടെ ഒരു താരത്തിന് ഓപ്പണിംഗ് സ്ഥാനം ഒഴിയേണ്ടി വരും. ശ്രീലങ്കയ്‌ക്കെതിരെ ഏകദിന മത്സരത്തിൽ മുൻ ക്യാപ്റ്റൻ വിരാട് കോലിയും തിരിച്ചെത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും എവിടേക്കാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുക എന്ന് കണ്ടറിയണം.