Cricket Sports

2007 ലോകകപ്പില്‍ പാകിസ്താനെ തോല്‍പിച്ചത് ധോണിയുടെ ബുദ്ധിയെന്ന് ഉത്തപ്പ

മത്സരം സമനിലയിലാവുകയും ബൗള്‍ ഔട്ടിലേക്ക് നീങ്ങുകയും ചെയ്തപ്പോഴായിരുന്നു ധോണിയുടെ നിര്‍ണ്ണായക നീക്കം…


എതിരാളികളുടെ ചിന്തകള്‍ തിരിച്ചറിഞ്ഞ് അതിവേഗം മറുതന്ത്രങ്ങളൊരുക്കാനുള്ള മിടുക്കാണ് കളിക്കളത്തില്‍ പല താരങ്ങളേയും ഇതിഹാസങ്ങളാക്കിയിട്ടുള്ളത്. ക്രിക്കറ്റിലാണെങ്കില്‍ കളിക്കിടയിലെ ചടുലവും ബുദ്ധിപരവുമായ നീക്കങ്ങള്‍ കൊണ്ട് എതിരാളികളെ ഞെട്ടിച്ച ഒരു പിടി മുഹൂര്‍ത്തങ്ങള്‍ ധോണി ആരാധകര്‍ക്ക് പങ്കുവെക്കാനുണ്ടാകും. അത്തരമൊരു ഓര്‍മ്മയാണ് റോബിന്‍ ഉത്തപ്പ പങ്കുവെച്ചിരിക്കുന്നത്.

2007ലെ ടി20 ലോകകപ്പിലെ ബൗള്‍ ഔട്ടിലേക്ക് നീങ്ങിയ ഇന്ത്യ പാകിസ്താന്‍ മത്സരം പലരും മറന്നുകാണില്ല. ആദ്യം ബാറ്റിംഗിനിറങ്ങി ഇന്ത്യ 141 റണ്‍ നേടി. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിച്ചിട്ടില്ലാത്ത പാകിസ്താന്‍ മറുപടി ബാറ്റിംഗില്‍ 7ന്141 റണ്‍ വരെ നേടുകയും ചെയ്തു. മത്സരം സമനിലയിലായതോടെ ബൗള്‍ ഔട്ടിലേക്ക് നീങ്ങിയപ്പോഴാണ് ധോണി സമര്‍ഥമായി സമ്മര്‍ദം കൈകാര്യം ചെയ്തത്.

ടി20 ക്രിക്കറ്റില്‍ അവതരിക്കപ്പെട്ട ഷൂട്ട് ഔട്ടായിരുന്നു ബോള്‍ ഔട്ട്. മത്സരം സമനിലയിലായാല്‍ ഓരോ ടീമിനും ഓരോ ഓവര്‍ വീതം ലഭിക്കും. വ്യത്യസ്ത കളിക്കാര്‍ വന്ന് ഓരോ പന്തു വീതം വിക്കറ്റിന് നേരെ എറിഞ്ഞുകൊള്ളിക്കണം. എതിര്‍ടീം ബാറ്റ്‌സ്മാന്‍ ക്രീസിലുണ്ടാകില്ല. എത്ര വിക്കറ്റ് വീഴ്ത്തുന്നോ അവരാണ് ജയിക്കുക.

ഇഷ് സോധിയോടാണ് ഉത്തപ്പ അന്നത്ത ധോണിയുടെ നീക്കത്തെക്കുറിച്ച് റോയല്‍സ് പോഡ്കാസ്റ്റിലൂടെ പറഞ്ഞത്.

‘ബൗള്‍ ഔട്ടിനിടെ പാക് വിക്കറ്റ് കീപ്പര്‍ ചെയ്തതില്‍ നിന്നും വ്യത്യസ്തമായി ധോണി ഒരു കാര്യം ചെയ്തു. സാധാരണ കീപ്പര്‍മാര്‍ നില്‍ക്കുന്നതുപോലെ ഓഫ് സൈഡിലേക്ക് നീങ്ങിയാണ് പാക് വിക്കറ്റ് കീപ്പര്‍ നിന്നത്. ധോണിയാകട്ടെ വിക്കറ്റിന് നേരെ പിന്നില്‍ മുട്ടുകുത്തി ഇരിക്കുകയായിരുന്നു. അത് ഇന്ത്യന്‍ ബൗളര്‍മാരെ ഏറെ സഹായിച്ചു. ധോണിക്ക് നേരെ എറിയാനായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം. ഞങ്ങളത് ചെയ്തു അത് ഫലവത്താവുകയും ചെയ്തു’

റോബിന്‍ ഉത്തപ്പ

അന്ന് 39 പന്തില്‍ 50 റണ്‍സടിച്ച ഉത്തപ്പ ബൗള്‍ ഔട്ടില്‍ ഒരു പന്ത് എറിയാന്‍ ധോണിയോട് അവസരം ചോദിച്ചിരുന്നു. ‘തീര്‍ച്ചയായും, കൂള്‍…’ എന്നായിരുന്നു ക്യാപ്റ്റന്റെ മറുപടിയെന്നും ഉത്തപ്പ ഓര്‍ക്കുന്നു. ഇത്തരം പിന്തുണകള്‍ തങ്ങളുടെ ആത്മവിശ്വാസം കൂട്ടിയെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് ഫൈനലില്‍ ഇതേ പാകിസ്താനെ തോല്‍പിച്ചാണ് ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് നേടിയത്. എങ്കിലും ലോകകപ്പിലെ ഇന്ത്യ പാക് മത്സരങ്ങളില്‍ ഏറ്റവും ചങ്കിടിപ്പ് കൂട്ടിയത് ഈ ബൗള്‍ ഔട്ട് മത്സരമായിരിക്കും.