മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ സിങിനെ യുഎഇ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. സ്‌കോട്ടിഷ് ക്രിക്കറ്റര്‍ ഡഗ്ലീ ബ്രൗണിന് പകരക്കാരനായാണ് റോബിന്‍ സിങിനെ എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡ് പരിശീലകനായി നിയമിച്ചത്. ഇന്ത്യന്‍ എ ടീം, മുംബൈ ഇന്ത്യന്‍സ് ഹോങ്കോങ് ടീമുകളെ പരിശീലിപ്പിച്ച പരിചയവുമായാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുഎഇ ടീമിലേക്കെത്തുന്നത്. 1989 മുതല്‍ 2001 വരെയായിരുന്നു റോബിന്‍ സിങ് ഇന്ത്യക്കായി കളിച്ചത്.
2017ലാണ് ബ്രൗണിനെ യുഎഇയുടെ പരിശീലകനായി നിയമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കീഴില്‍ കാര്യമായി തിളങ്ങാന്‍ യുഎഇ ടീമിനായിരുന്നില്ല. മാത്രമല്ല ഒത്തുകളി വിവാദവും ടീമിനെതിരെ ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിന് തൊട്ടുമുമ്പായി യുഎഇ നായകന്‍ മുഹമ്മദ് നവീദിനെ ഐ.സി.സി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നിരുന്നാലും ടീം ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
ക്രിക്കറ്റിന് മികച്ച മേല്‍വിലാസമുള്ള ഇന്ത്യ പോലുള്ള രാജ്യത്ത് നിന്ന് മുന്‍ താരത്തെ തന്നെ രംഗത്തിറക്കി ടീം ഉടച്ചുവാര്‍ക്കാനാണ് യുഎഇ തയ്യാറെടുക്കുന്നത്. ഇന്ത്യക്ക് വേണ്ടി 136 ഏകദിനങ്ങളും ഒരു ടെസ്റ്റും കളിച്ചിട്ടുണ്ട് റോബിന്‍ സിങ്. ഐപിഎല്ലിന് പുറമെ കരീബിയന്‍ പ്രീമിയര്‍ ലീഗിലും ടി10 ലീഗിലും ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.