Cricket Sports

സംഗക്കാരയുടെ റെക്കോര്‍ഡും തകര്‍ത്ത് റിഷബ് പന്ത്

ലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയുടെ പേരിലുള്ളൊരു റെക്കോര്‍ഡ് തകര്‍ത്ത് ഡല്‍ഹി കാപിറ്റല്‍സിന്റെ യുവതാരം റിഷബ് പന്ത്. ഒരു ടി20 ടൂര്‍ണമെന്‍റില്‍ 20 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്.

തിങ്കളാഴ്ച വിരാട് കോഹ് ലിയുടെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായി നടന്ന മത്സരത്തിലായിരുന്നു നേട്ടം. 19 പേരെ പുറത്താക്കിയതായിരുന്നു സംഗക്കാരയുടെ നേട്ടം. ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി 2011ലായിരുന്നു സംഗക്കാര റെക്കോര്‍ഡ് സൃഷ്ടിച്ചത്. അടുത്തിടെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നൂറുല്‍ ഹസനും 19 പേരെ പുറത്താക്കിയിരുന്നു.

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രണ്ട് പേരെ ക്യാച്ചിലൂടെ പുറത്താക്കിയതോടെയാണ് ഋഷഭ് പന്ത് നേട്ടത്തിലെത്തിയത്. ക്ലാസനും ഗുര്‍ക്രീതുമാണ് പന്തിന്‍റെ ഗ്ലൗസില്‍ കുടുങ്ങി പുറത്തായത്. സീസണിലാകെ 12 മത്സരങ്ങളില്‍ നിന്ന് 15 ക്യാച്ചുകളും അഞ്ച് സ്റ്റംപിങുമാണ് പന്ത് നേടിയത്.

സീസണില്‍ ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് ഋഷഭ് പന്ത് കാഴ്‌ചവെക്കുന്നത്. 12 മത്സരങ്ങളില്‍ 343 റണ്‍സ് നേടാന്‍ പന്തിനായി. 78 ആണ് ഉയര്‍ന്ന സ്‌കോര്‍. രണ്ട് അര്‍ദ്ധ സെഞ്ചുറികള്‍ നേടി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ പന്തിനായിരുന്നില്ല.