കാറപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ പരിക്ക് മാറാൻ ആറുമാസമെടുക്കും. മൂന്നുമുതൽ ആറുമാസം വരെ പന്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഇതോടെ ആസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയും ഈ വർഷത്തെ ഐ.പി.എല്ലും അദ്ദേഹത്തിന് നഷ്ടമാകും. മാർച്ച് 20നാണ് ഐ.പി.എൽ ആരംഭിക്കുന്നത്. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് പന്ത്.
അപകടത്തിൽ പന്തിന്റെ നെറ്റിയിൽ രണ്ട് മുറിവുകളാണുള്ളത്. നെറ്റിയിലെ പരിക്കിന് ശനിയാഴ്ച പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. വലതുകാൽമുട്ടിലെ ലിഗ്‌മെന്റിനും വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലും നേരിയ പരിക്കുകളുണ്ട്. ഋഷഭ് പന്തിൻറെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് തന്നെയാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. വിദഗ്ധ ചികിത്സക്കായി ഋഷഭ് പന്തിനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യാൻ ബിസിസിഐ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും തത്കാലം അദ്ദേഹം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ തന്നെ ചികിത്സയിൽ തുടരും.
ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്, അദ്ദേഹത്തെ മറ്റെന്തെങ്കിലും സൗകര്യത്തിലേക്ക് മാറ്റേണ്ടതുണ്ടോയെന്ന് ഡോക്ടർമാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കുടുംബാംഗങ്ങളും പറഞ്ഞു. പന്തിൻറെ അമ്മ സരോജ പന്തും സഹോദരി സാക്ഷിയും ആശുപത്രിയിലുണ്ട്.
ലണ്ടനിലായിരുന്ന സഹോദരി ഇന്നലെയാണ് ആശുപത്രിയിലെത്തി പന്തിനെ സന്ദർശിച്ചത്. ബോളിവുഡ് താരങ്ങളായ അനിൽ കപൂറും അനുപം ഖേറും ആശുപത്രിയിലെത്തി റിഷഭ് പന്തിനെ സന്ദർശിച്ചിരുന്നു. ആരാധകരെന്ന നിലയിലാണ് പന്തിനെ സന്ദർശിച്ചതെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിച്ച് ക്രിക്കറ്റ് ഗ്രൗണ്ടിൽ തിരിച്ചെത്തട്ടെ എന്നും അവർ പറഞ്ഞു.
ക്രിക്കറ്റ് താരം നിതീഷ് റാണയും ഇന്നലെ ആശുപത്രിയിലെത്തി പന്തിനെ കണ്ടു. ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. റിഷഭ് പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു.