Cricket

ഒടുവിൽ ആർസിബിയ്ക്ക് ജയം; യുപിയെ തോല്പിച്ചത് അഞ്ച് വിക്കറ്റിന്

അഞ്ച് മത്സരങ്ങൾക്കു ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ ജയം. ഇന്ന് നടന്ന മത്സരത്തിൽ യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിനാണ് ആർസിബി കീഴടക്കിയത്. യുപി വാരിയേഴ്സിനെ 19.3 ഓവറിൽ 135 റൺസിനൊതുക്കിയ ബാംഗ്ലൂർ രണ്ട് ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിച്ചു. അൺകാപ്പ്ഡ് ഇന്ത്യൻ താരം കനിക അഹുജയുടെ (46) മിന്നും പ്രകടനമാണ് ആർസിബിയെ തുണച്ചത്. 

കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനം കഴുകിക്കളഞ്ഞാണ് ബാംഗ്ലൂർ ബൗളർമാർ പന്തെറിഞ്ഞത്. ടൂർണമെൻ്റിൽ ആദ്യമായി ബൗളിംഗ് ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സോഫി ഡിവൈൻ ആദ്യ ഓവറിൽ തന്നെ ദേവിക വൈദ്യയെയും അലിസ ഹീലിയെയും മടക്കി തകർപ്പൻ തുടക്കം നൽകി. രണ്ടാം ഓവറിൽ മേഗൻ ഷൂട്ട് തഹ്‌ലിയ മഗ്രാത്തിനെ കൂടി മടക്കിയതോടെ യുപി 5 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. നാലാം വിക്കറ്റിൽ കിരൺ നവ്ഗിരെയും (22) ഗ്രേസ് ഹാരിസും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും നവ്ഗിരെയെയും സിമ്രാൻ ഷെയ്ഖിനെയും പുറത്താക്കിയ മലയാളി താരം ആശ ശോഭന യുപിയെ വീണ്ടും ബാക്ക്ഫൂട്ടിലാക്കി. ആശയുടെ ബൗളിംഗിൽ 0ൽ നിൽക്കെ ദീപ്തി ശർമയെ സ്ലിപ്പിൽ ഹെതർ നൈറ്റ് കൈവിട്ടതും ആശയുടെ തന്നെ ബൗളിംഗിൽ 9 റൺസിൽ നിൽക്കെ ഗ്രേസ് ഹാരിസിൻ്റെ സ്റ്റമ്പിങ്ങ് ചാൻസ് റിച്ച ഘോഷ് പാഴാക്കിയതും തിരിച്ചടിയായി. ആർസിബിയ്ക്ക് തിരിച്ചടിയായി.

ദീപ്തിയും ഹാരിസും ചേർന്ന് ആറാം വിക്കറ്റിൽ 69 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിലാണ് പങ്കാളികളായത്. 5 വിക്കറ്റ് നഷ്ടത്തിൽ 31 റൺസ് എന്ന നിലയിൽ നിന്ന് 6 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലേക്ക് സഖ്യം യുപിയെ രക്ഷപ്പെടുത്തിയെടുത്തു. ദീപ്തിയെയും (22) ഹാരിസിനെയും (46) ഒരു ഓവറിൽ പുറത്താക്കിയ എലിസ് പെറി വീണ്ടും ആർസിബിയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. സോഫി എക്ലസ്റ്റൺ (12), അഞ്ജലി സർവനി (8) എന്നിവർ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി. ആർസിബിയ്ക്കായി എലിസ് പെറി 3 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ സോഫി ഡിവൈൻ (14) ഗ്രേസ് ഹാരിസ് എറിഞ്ഞ ആദ്യ ഓവറിൽ തകർത്തടിച്ചെങ്കിലും അവസാന പന്തിൽ പുറത്തായി. ദീപ്തി ശർമ എറിഞ്ഞ അടുത്ത ഓവറിൽ സ്മൃതി മന്ദനയും പുറത്ത്. എലിസ് പെറിയും (10) നിരാശപ്പെടുത്തിയതോടെ ആർസിബി വിയർത്തു. ഒരുവശത്ത് ഹെതർ നൈറ്റ് നന്നായി ബാറ്റ് ചെയ്യുന്നെങ്കിലും തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴാണ് അഞ്ചാം നമ്പറിൽ കനിക അഹുജ എത്തുന്നത്. തുടക്കം മുതൽ പോസിറ്റീവായി കളിച്ച അഹുജ ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. ഇതിനിടെ നൈറ്റ് (24) പുറത്തായെങ്കിലും അഞ്ചാം വിക്കറ്റിൽ റിച്ച ഘോഷുമായിച്ചേർന്ന് അഹുജ ആർസിബിയെ മുന്നോട്ടുനയിച്ചു. റിച്ച സാവധാനം ബാറ്റ് ചെയ്തപ്പോൾ അഹുജ തൻ്റെ റേഞ്ച് ഓഫ് ഷോട്ട്സ് പുറത്തെടുത്തു. 30 പന്തുകളിൽ 46 റൺസെടുത്ത അഹുജയെ ഒടുവിൽ സോഫി എക്ലസ്റ്റൺ പുറത്താക്കുകയായിരുന്നു. 60 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിലാണ് യുവതാരം പുറത്തായത്. അഹുജ മടങ്ങിയെങ്കിലും ആർസിബി ഈ സമയം വിജയം ഉറപ്പിച്ചിരുന്നു. 18ആം ഓവറിലെ ആദ്യ രൻട് പന്തിൽ സിക്സറും ബൗണ്ടറിയും നേടിയ റിച്ച ജയം എളുപ്പമാക്കുകയും ചെയ്തു. റിച്ച (31) നോട്ടൗട്ടാണ്.