സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 338ന് എതിരെ രണ്ടു വിക്കറ്റിന് 96 എന്ന നിലയിലാണ് ഇന്ത്യ. ഒമ്പത് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ചു റണ്‍സുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. 26 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ (50) ശുഭ്മാന്‍ ഗില്ലുമാണ് പുറത്തായത്.
സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയുടെ (131) ബലത്തിലാണ് ഓസീസ് 338 റണ്‍സ് അടിച്ചുകൂട്ടിയത്. മാര്‍നസ് ലബുഷഗ്നെ 91 ഉം ഓപണര്‍ വില്‍ പുകോവ്സ്കി 62 റണ്‍സും നേടി. മിച്ചല്‍ സ്റ്റാര്‍ക് 24ഉം മാത്യു വെയ്ഡ് 13 ഉം റണ്‍സ് നേടി.
രണ്ടാം ടെസ്റ്റില്‍ നിറം മങ്ങിയ സ്റ്റീവ് സ്മിത്ത് റണ്‍ഔട്ടാകുകയായിരുന്നു. 226 പന്തുകളില്‍ 16 ബൗണ്ടറികളുടെ അകമ്പടികളോടെയായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്. സെഞ്ച്വറിയിലേക്കെന്ന് നീങ്ങുമെന്ന് തോന്നിച്ച ലബുഷന്ഗ്നെ രവീന്ദ്ര ജഡേജയുടെ പന്തില്‍ രഹാനെയ്ക്ക് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു.
ഇന്ത്യയ്ക്കായി ജഡേജ 18 ഓവറില്‍ 62 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ, അരങ്ങേറ്റ ടെസ്റ്റിനിറങ്ങിയ നവ്ദീപ് സെയ്നി എന്നിവര്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.