ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം തെരഞ്ഞെടുപ്പിൽ സംതൃപ്തനാണെന്ന് മുഖ്യ പരിശീലകൻ രവിശാസ്ത്രി. സന്തുലിതമായ ടീമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയിൽ മീഡിയാവണിനോട് സംസാരിക്കുകയായിരുന്നു രവിശാസ്ത്രി.
ചില നല്ല കളിക്കാരെ പുറത്തു നിർത്തി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിനെ കുറിച്ച്
മുഖ്യ പരിശീലകന് പരാതിയൊന്നും തന്നെയില്ല. സെലക്ടർമാർ തന്ന 15 പേരിൽ നിന്ന് ഓരോ സാഹചര്യത്തിനു അനുസരിച്ച് അന്തിമ ഇലവനെ തീരുമാനിക്കുമെന്നും രവിശാസ്ത്രി പറഞ്ഞു.
ത്രീഡൗണിൽ ആരെ ഇറക്കണമെന്നതൊന്നും നിലവിലെ ആശങ്കയല്ല. ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവർ ടീമിൽ ഉൾപ്പെടാത്തതിനെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹം തയാറായില്ല. എന്നാൽ ടീമിൽ ഉൾപ്പെട്ട വിജയ് ശങ്കർ മികച്ച കളിക്കാരനാണെന്ന് മുഖ്യപരിശീലകൻ ഉറപ്പിക്കുന്നു.
ലോകകപ്പ് നടക്കുന്ന ഇംഗ്ലണ്ട് കാലാവസ്ഥ അനുദിനം മാറുന്ന ഒന്നായതിനാൽ അതുമായി പൊരുത്തപ്പെടുകയാണ് കളിക്കാർ ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പിനെത്തുന്ന എല്ലാ ടീമുകളും മികച്ചതാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.