മുഹമ്മദ് ഷമിയെപ്പോലെ ഒരു മികച്ച ബൗളർ വീട്ടിലിരിക്കുന്ന എന്നത് അതിശയിപ്പിക്കുന്നു എന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഏഷ്യാ കപ്പിൽ ഇന്ത്യ ബുദ്ധിമുട്ടുന്നത് ഷമിയെപ്പോലെ ഒരു നല്ല ഒരു ബൗളർ ഇല്ലാത്തതിനാലാണ്. ഏഷ്യാ കപ്പിലേക്ക് വെറും 4 ബൗളർമാരുമായി എത്തിയ ഇന്ത്യയുടെ തന്ത്രം തന്നെ അത്ഭുതപ്പെടുത്തുന്നു. ടീമിൽ ഒരു അധിക പേസർ ഉണ്ടാവേണ്ടതായിരുന്നു. ഒരു മികച്ച ഐപിഎൽ സീസണു ശേഷം ഷമിയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല എന്നത് വിശ്വസിക്കാനാവുന്നില്ല എന്നും രവി ശാസ്ത്രി പറഞ്ഞു.
അതേസമയം, ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ രണ്ട് പരാജയങ്ങളിൽ പരിഭ്രാന്തിയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ടി-20 ലോകകപ്പിനുള്ള ടീം 90 ശതമാനം തയ്യാറായിക്കഴിഞ്ഞെന്നും ഏതാനും ചില മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും രോഹിത് ശ്രീലങ്കക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
ശ്രീലങ്കയ്ക്കെതിരെ ലഭിച്ച തുടക്കം മുതലെടുക്കാനായില്ല എന്ന് രോഹിത് പറഞ്ഞു. പക്ഷേ, ഇതൊക്കെ സംഭവിക്കും. 10, 12 റൺസിൻ്റെ കുറവുണ്ടായെങ്കിലും രണ്ട് മത്സരങ്ങളിലും മികച്ച സ്കോർ കണ്ടെത്താനായി. ശ്രീലങ്കക്കെതിരെ ജയിക്കാമായിരുന്നു. പക്ഷേ, കഴിഞ്ഞില്ല. തുടരെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടത് ആശങ്കയല്ല. 2021 ടി-20 ലോകകപ്പിനു ശേഷം നമ്മൾ ഒരുപാട് മത്സരങ്ങൾ ജയിച്ചു. അനുഭവസമ്പത്തുള്ള താരങ്ങളും ചിലപ്പോൾ പെട്ടെന്ന് പുറത്താവുകയും റൺസ് വഴങ്ങുകയും ചെയ്യും. ഇതൊക്കെ സാധാരണയാണ്. ആശങ്കയില്ല. ഒന്നോ രണ്ടോ മോശം മത്സരങ്ങൾ കൊണ്ട് ഒരു മികച്ച ബൗളറായ ഭുവനേശ്വർ കുമാറിനെ വിലയിരുത്താൻ പാടില്ല. ടി-20 ടീം 90 ശതമാനം തയ്യാറാണ്. ചില ചെറിയ മാറ്റങ്ങളുണ്ടാവും. മൂന്ന് പേസർമാരുമായി കളിച്ചാൽ എങ്ങനെയാവുമെന്നറിയണമായിരുന്നു. ടി-20 ലോകകപ്പിൽ എല്ലാ സാധ്യതകളും പരീക്ഷിക്കണം. മധ്യനിരയിൽ ഒരു ഇടങ്കയ്യൻ വേണമെന്നതിനാലാണ് ഋഷഭ് പന്തിനെ പരീക്ഷിച്ചത്. അല്ലാതെ ദിനേശ് കാർത്തിക് ഫോമിൽ അല്ലാത്തതിനാലോ മറ്റെന്തെങ്കിലും കാരണത്താലോ അല്ല. ഇടക്ക് ഇങ്ങനെ മാറ്റങ്ങളുണ്ടാവും. മികച്ച ടീമാണ് ഇത്. സമ്മർദ്ദ ഘട്ടങ്ങൾ അതിജീവിക്കാൻ താരങ്ങൾ പഠിക്കുമെന്നും രോഹിത് പറഞ്ഞു.