ഒരു ടീമിന്‍റെ ബാറ്റിങ് ഫോര്‍മേഷനില്‍ ഏറ്റവും സുപ്രധാന പങ്കു വഹിക്കുന്നത് അതിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന കൂട്ടുകെട്ടില്‍ തന്നെയാകും. ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റിലെ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെന്നും പോരാടാന്‍ ശേഷിയുള്ളവരുമാണെന്ന് ഇന്നലെ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി പറഞ്ഞിരുന്നു. ആയതിനാല്‍ ലോകകപ്പിനായി അണിനിരക്കുന്ന ടീമുകളിലെ മികച്ച അഞ്ച് ഓപ്പണിങ് പെയറുകള്‍ ഏതാണെന്ന് പരിശോധിക്കാം
ക്രിസ് ഗെയില്‍ എവിന്‍ ലൂയീസ് കൂട്ടുകെട്ടാണ് വെസ്റ്റ് ഇന്‍റീസ് നിരയെ ശക്തിപ്പെടുത്തുന്ന ഓപ്പണിങ് കൂട്ടുകെട്ട്. എന്നാല്‍ ഇരുവരുടെയും കൂട്ടുകെട്ട് പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്നത് നിരാശാജനകമാണ്. മുപ്പതില്‍ താഴെ മാത്രം ആവറേജില്‍ 383 റണ്‍സ് മാത്രമാണ് ഇരുവരും സമ്പാദിച്ചത്.
ക്വിന്‍റിന്‍ ഡികോക്കും ഹഷീം അംലയുമാണ് ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബാറ്റിങ് ജോഡി. അക്രമിച്ച് കളിക്കുന്ന ഡികോക്കും ആങ്കറിങ് റോളില്‍ കളി നയിക്കുന്ന ഹഷീം അംലയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഒരുമിച്ച് ബാറ്റിങ് ഓപ്പണ്‍ ചെയ്യുന്ന ഇവര്‍ 4116 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. അതില്‍ പത്ത് സെഞ്ച്വറി, 15 അര്‍ദ്ദസെഞ്ച്വറി കൂട്ടുകെട്ടുകള് ഉള്‍പ്പെടുന്നു.
2018 വരെ കങ്കാരുപ്പടയുടെ ബാറ്റിങ്ങിന് ചുക്കാന്‍ പിടിക്കുന്നത് നായകന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണ്ണറും ചേര്‍ന്നാണ്. ഇവര്‍ തന്നെ ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. 2014 മുതല്‍ ഒരുമിച്ച് ക്രീസിലെത്തുന്ന ഇവരര്‍ 44 ശരാശരിയോടെ 2126 റണ്‍സ് നേടിയിട്ടുണ്ട്. ഇരുവരുടെയും മികച്ച കൂട്ടുകെട്ട് 231 റണ്‍സാണ്.
ജേസണ്‍ ജോയ് ജോണി ബെയര്‍സ്റ്റോ കൂട്ടുകെട്ട് അടുത്തിടെ ഇംഗ്ലണ്ട് ടീമിന് ലഭിച്ച ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് കളിക്കളത്തിലേക്ക് നടന്നെത്തിയാല്‍ വെടിക്കെട്ട് ഉറപ്പാണ്. 57 റണ്‍സ് ശരാശരിയില്‍ 1762 റണ്‍സാണ് ഇരുവരുടെയും റെക്കോര്‍ഡ്. ഒരുമിച്ച് ബാറ്റ് ചെയ്ത 30 മത്സരങ്ങളില്‍ ഏഴ് സെഞ്ച്വറി കൂട്ടുകെട്ടും എട്ട് അര്‍ദ്ദ സെഞ്ച്വറി കൂട്ടുകെട്ടും അവര്‍ നേടി. അതായത്, മുപ്പത് മത്സരങ്ങളില്‍ പതിനഞ്ച് തവണയും ഇരുവരും ചേര്‍ന്ന് ഇംഗ്ലണ്ട് സ്കോര്‍ 50 കടത്തിയ ശേഷം മാത്രമാണ് പിരിഞ്ഞിട്ടുള്ളത്.
സച്ചിന്‍ ഗാംഗുലി, സച്ചിന്‍ സെവാഗ് കൂട്ടുകെട്ടുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കായി നേട്ടങ്ങളുണ്ടാക്കിയ ഓപ്പണിങ് പെയറാണ് രോഹിത് ശര്‍മ്മ ശിഖര്‍ ധവാന്‍. റോയ് ബെയര്‍സ്റ്റോ കൂട്ടുകെട്ടിനു മുകളില്‍ രോഹിത് ധവാന്‍ കൂട്ടുകെട്ടിനെ എന്തുകൊണ്ട് ഒന്നാമതായി കാണുന്നു എന്നാല്‍, 2013ലെ ചാമ്പ്യന്‍സ് ട്രോഫി മുതല്‍ വിരാട് കോഹ്‍ലിയോടൊപ്പം ഇന്ത്യന്‍ ബാറ്റിങ്ങിനെ നട്ടെല്ലോടെ ഉയര്‍ത്തി നിര്‍ത്താന്‍ ഇവര്‍ വഹിച്ച പങ്ക് അത്ര ചെറുതല്ല. മറ്റേത് ഓപ്പണിങ് കൂട്ടുകെട്ടുകളേക്കാളും സ്ഥിരതയുള്ള ബാറ്റിങ് പെയറാണ് ഇന്ത്യയുടേത്. 103 മത്സരങ്ങള്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത ഇവര്‍ 45 ശരാശരിയില്‍ 4586 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതില്‍ 15 സെഞ്ച്വറി കൂട്ടുകെട്ടുകളും 13 അര്‍ദ്ദസെഞ്ച്വറി കൂട്ടുകെട്ടുകളും പടുത്തുയര്‍ത്തി. ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്, 213. ധവാന്‍ അക്രമകാരിയാണെങ്കില്‍ രോഹിതിന് ക്രീസില്‍ സെറ്റിലാവാന്‍ കുറച്ച് സമയം വേണ്ടതുണ്ട്.