തിരുവനന്തപുരം തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ കേരളത്തിനെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരവും നിലവിലെ ബംഗാൾ ക്യാപ്റ്റനുമായ മനോജ് തിവാരി. സ്റ്റേഡിയത്തിലല്ല മറിച്ച് ഒരു ഗ്രൗണ്ടിലാണ് മത്സരം നടന്നത്. സെൻ്റ് സേവ്യേഴ്സിലെ ഡ്രസ്സിംഗ് റൂമുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. രഞ്ജി മത്സരങ്ങളുടെ ശോഭ നഷ്ടപ്പെട്ടു. ടൂർണമെന്റ് തന്നെ നിർത്താനുള്ള സമയമായെന്നും പശ്ചിമ ബംഗാൾ കായിക മന്ത്രി കൂടിയായ തിവാരി തുറന്നടിച്ചു.
സോഷ്യൽ മീഡിയയിലൂടെയാണ് മനോജ് തിവാരി വിമർശനം ഉന്നയിച്ചത്. സെൻ്റ് സേവ്യേഴ്സിലേത് വളരെ മോശം ഡ്രസ്സിംഗ് റൂമുകൾ. സ്വകാര്യതയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. തങ്ങളുടെയും എതിരാളുകളുടെയും ഡ്രസ്സിംഗ് റൂമുകൾ അടുത്തടുത്താണ്. തമ്മിൽ പറയുന്നത് പരസ്പരം കേൾക്കാൻ കഴിയും. സ്വകാര്യതയില്ലാത്തതിനാൽ കൃത്യമായി തന്ത്രം മെനയാൻ പോലും കഴിയാത്ത തരത്തിലാണ് ഡ്രസ്സിംഗ് റൂമുകൾ. ഭാവിയിൽ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് സംഘാടകരോട് അഭ്യർത്ഥിക്കുന്നതായി തിവാരി പറഞ്ഞു.
1934 മുതൽ നടക്കുന്ന ഇന്ത്യയുടെ പ്രധാന ആഭ്യന്തര ടൂർണമെൻ്റായ രഞ്ജി ട്രോഫി നിർത്താനുള്ള സമയമായി. ടൂർണമെന്റിന്റെ ശോഭ നഷ്ടപ്പെട്ടു. ടൂർണമെൻ്റിൽ പലതും തെറ്റായി നടക്കുന്നു. സമ്പന്നമായ ചരിത്രമുള്ള ഈ ടൂർണമെൻ്റിനെ രക്ഷിക്കാൻ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രഞ്ജി ട്രോഫിയുടെ പ്രൗഢിയും പ്രാധാന്യവും നഷ്ടപ്പെടുന്നു. താൻ തികച്ചും നിരാശനാണെന്ന തിവാരി കൂട്ടിച്ചേർത്തു. ഈഡൻ ഗാർഡൻസിൽ ഫെബ്രുവരി 16ന് നടക്കുന്ന മത്സരത്തിന് ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.