Cricket Sports

രഞ്ജി ട്രോഫി: ആദ്യ ഇന്നിംഗ്സിൽ 371 റൺസിനു പുറത്ത്; കേരളത്തിനു പണികൊടുത്ത് പോണ്ടിച്ചേരി

രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരളത്തിനെതിരായ ആദ്യ ഇന്നിംഗ്സിൽ പോണ്ടിച്ചേരി 371 റൺസിനു പുറത്ത്. ക്യാപ്റ്റൻ പാരസ് ഡോഗ്ര (159), കെബി അരുൺ കാർത്തിക് (85) എന്നിവരാണ് പോണ്ടിച്ചേരിയുടെ പ്രഥാന സ്കോറർമാർ. കേരളത്തിനായി ജലജ് സക്സേന 5 വിക്കറ്റ് വീഴ്ത്തി. പോണ്ടിച്ചേരി മികച്ച സ്കോർ പടുത്തുയർത്തിയതോടെ ഇന്നത്തെ മത്സരത്തിൽ വിജയിച്ച് അടുത്ത ഘട്ടം ഉറപ്പിക്കാനിറങ്ങിയ കേരളം ഇതോടെ ബാക്ക്ഫൂട്ടിലായിരിക്കുകയാണ്. രണ്ടാം ദിനത്തിൻ്റെ പാതിയും പിന്നിട്ടതോടെ ഒന്നര ദിവസത്തിൽ വിജയം ഏറെക്കുറെ അസാധ്യമാണ്. അതേസമയം, ഇന്ന് ഝാർഖണ്ഡിനെതിരെ കർണാടകയ്ക്ക് വിജയിക്കാനായാൽ കേരളം ഒരു സമനില കൊണ്ട് ഏറെക്കുറെ അടുത്ത ഘട്ടത്തിലെത്തും.

ടൂർണമെൻ്റിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ബൗളർമാരിൽ ഒരാളായ വൈശാഖ് ചന്ദ്രനെ പുറത്തിരുത്തി ഇറങ്ങിയ കേരളം ദുർബലരായ പോണ്ടിച്ചേരിക്കെതിരെ വിയർക്കുന്നതാണ് ഇന്ന് കണ്ടത്. ആദ്യ മൂന്ന് വിക്കറ്റുകൾ വേഗം വീഴ്ത്താനായെങ്കിലും പിന്നീട് പോണ്ടിച്ചേരി തിരികെവരികയായിരുന്നു. അഞ്ചാം വിക്കറ്റിൽ പാരസ് ഡോഗ്രയും അരുൺ കാർത്തികും ഒത്തുചേർന്നതോടെ കേരളം ബാക്ക്ഫൂട്ടിലായി. 180 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. അരുൺ കാർത്തിക്, ആകാശ് കർഗവെ (48) എന്നിവർക്കൊപ്പം പോണ്ടിച്ചേരിയെ മികച്ച സ്കോറിലേക്ക് നയിച്ച ഡോഗ്ര വാലറ്റം എളുപ്പം കീഴടങ്ങിയതോടെ മുട്ടുമടക്കുകയായിരുന്നു. അവസാന വിക്കറ്റായാണ് ഡോഗ്ര പുറത്തായത്.