രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുന്നോട്ടുള്ള പോക്കിന് വമ്പന്‍ ജയം അനിവാര്യമായിരിക്കെ കേരളം പൊരുതുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 206 എന്ന നിലയിലാണ്. കേരളത്തിന് ജയിക്കാന്‍ ഇനി 91 റണ്‍സ് മാത്രം മതി. 96 റണ്‍സുമായി വിനൂപും 60 റണ്‍സുമായി നായകന് സച്ചിന് ബേബിയുമാണ് ക്രീസില്‍.
തലേന്നത്തെ സ്കോറായ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഹിമാചല്‍പ്രദേശ് കേരളത്തിന് മുന്നില്‍ വെച്ച് നീട്ടിയത് 297 എന്ന വിജയലക്ഷ്യം. വന്‍ സമ്മര്‍ദ്ദവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത കേരളത്തിനായി മികച്ച തുടക്കമാണ് ലഭിച്ചത്. അതോടെ സമ്മര്‍ദ്ദം ഹിമാചലിനായി. 14 റണ്‍സെടുത്ത രാഹുല്‍ പി പുറത്തായെങ്കിലും രണ്ടാം വിക്കറ്റില്‍ വിനൂപും സിജോ മോന് ജോസഫും കൂടി കേരളത്തെ കരകയറ്റി. 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഈ സഖ്യം പിരിയുന്നത്. 23 റണ്‍സെടുത്ത സിജോമോനെ ജെ.കെ സിങ് ആണ് പുറത്താക്കിയത്.
അതിനിടെ വിനൂപ് അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടിരുന്നു. പിന്നാലെ എത്തിയ നായകന് സച്ചിന് ബേബി ഏകദിന ശൈലിയിലാണ് ബാറ്റു വീശുന്നത്. അതോടെ കേരളം സുരക്ഷിത സ്ഥാനത്ത് എത്തി. എന്നിരുന്നാലും ആദ്യ ഇന്നിങ്സിലേത് പോലെ കൂട്ടത്തകര്‍ച്ച സംഭവിച്ചില്ലെങ്കില്‍ ജയം കേരളത്തിനൊപ്പം പോരും.