രഞ്ജി ട്രോഫിയില്‍ നിര്‍ണായകമായ കേരളത്തിന്റെ ഹിമാചല്‍ പ്രദേശിനെതിരായ മല്‍സരം ആവേശകരമായ അന്ത്യത്തിലേക്ക്. കേരളത്തിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ 11 റണ്‍സിന്റെ ലീഡു നേടിയ ഹിമാചല്‍, മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലാണ്. ഹിമാചലിന് നിലവില്‍ 296 റണ്‍സിന്റെ ലീഡുണ്ട്. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കെ കേരളത്തിനു മുന്നില്‍ മുന്നൂറിനു മുകളിലുള്ള വിജയലക്ഷ്യമുയര്‍ത്താനാകും ഹിമാചലിന്റെ ശ്രമം. ഈ മല്‍സരം ജയിച്ചാലേ കേരളത്തിനു നോക്കൗട്ട് പ്രതീക്ഷയുള്ളൂ.
ഒന്നാം ഇന്നിങ്‌സ് ലീഡിലേക്കു നീങ്ങിയ കേരളം 18 റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയാണ് ഹിമാചലിനു ലീഡു സമ്മാനിച്ചത്. ചെറിയ ലീഡു കൈമുതലാക്കി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ആതിഥേയര്‍ക്ക് ഋഷി ധവാന്‍ (96 പന്തില്‍ ഏഴു ബൗണ്ടറി സഹിതം 85), അങ്കിത് കല്‍സി (96 പന്തില്‍ ആറു ബൗണ്ടറി സഹിതം 64) എന്നിവരുടെ പ്രകടനമാണ് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്. മൂന്നാം വിക്കറ്റില്‍ കല്‍സി–ധവാന്‍ സഖ്യം 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മികച്ച സ്‌കോര്‍ നേടി കേരളത്തെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് അയയ്ക്കുന്നതിനായി ഏകദിന ശൈലിയിലാണ് ഹിമാചല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്തത്. 52.1 ഓവറില്‍ 5.46 റണ്‍സ് ശരാശരിയിലാണ് അവര്‍ 285 റണ്‍സെടുത്തത്.
രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എന്ന നിലയിലായിരുന്ന ഹിമാചല്‍ പിന്നീട് കൂട്ടത്തോടെ തകരുകയായിരുന്നു. കേരളത്തിനായി സിജോമോന്‍ ജോസഫ് നാലും ബേസില്‍ തമ്പി രണ്ടും സന്ദീപ് വാരിയര്‍, വിനൂപ് മനോഹരന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധിഷിനു വിക്കറ്റൊന്നും കിട്ടിയില്ല.
നേരത്തെ 18 റണ്‍സ് എടുക്കുന്നതിനിടെ അവസാനത്തെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി രഞ്ജി ട്രോഫിയില്‍ ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തി. ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണ്ണായക മത്സരത്തിനിടെയാണ് കേരളത്തിന്റെ കൂട്ടത്തകര്‍ച്ച. ആറു വിക്കറ്റിന് 268 റണ്‍സെന്ന നിലയില്‍ നിന്നാണ് ഒന്നാം ഇന്നിങ്‌സില്‍ കേരളം 286 റണ്‍സിന് പുറത്തായത്. ഹിമാചല്‍ പ്രദേശിന്റെ ആദ്യ ഇന്നിംങ്‌സ് 297 റണ്‍സില്‍ അവസാനിച്ചിരുന്നു.
47 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റെടുത്ത അര്‍പിത് ഗുലേറിയയാണ് കേരളത്തെ തകര്‍ത്തത്. രഞ്ജിയില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ കേരളത്തിന് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെടുകയും ഹിമാചലിനെതിരെ തകരുകയും ചെയ്തതോടെ കേരളത്തിന്റെ സാധ്യതകള്‍ അവസാനിച്ച മട്ടാണ്.
അഞ്ചിന് 219 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 268ല്‍ വെച്ച് അര്‍ധ സെഞ്ചുറി നേടിയ സഞ്ജു വി സാംസണിന്റെ വിക്കറ്റ് നഷ്ടമായി. പിന്നാലെ വിനൂപ് ഷീല മനോഹരരന്‍(0), നിധീഷ് എം.ഡി(0), വാര്യര്‍(3) എന്നിവരും സെഞ്ചുറി നേടിയ ഓപണര്‍ പി രാഹുലു(127) മടങ്ങിയതോടെ കേരളം 286 റണ്‍സില്‍ അവസാനിച്ചു. ബേസില്‍ തമ്പി 14 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തേ ആറു വിക്കറ്റെടുത്ത എം.ഡി നിധീഷാണ് ഹിമാചലിനെ 300 റണ്‍സിനുള്ളില്‍ ഒതുക്കിയത്. അങ്കിത് കല്‍സി (101) ഹിമാചല്‍ പ്രദേശിനുവേണ്ടി സെഞ്ചുറിയും ധവാന്‍(58) അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. രണ്ടാം ഇന്നിംങ്‌സില്‍ ഒടുവില്‍ റിപ്പോര്‍ട്ടു കിട്ടുമ്പോള്‍ ഹിമാചല്‍ 2ന് 171 എന്ന ശക്തമായ നിലയിലാണ്.