മുംബൈ: രണ്ട് വര്‍ഷത്തെ കൊവിഡ് കാല ഇടവേളയ്‌ക്ക് ശേഷം രഞ്ജി ട്രോഫി (Ranji Trophy 2021-22) പുനരാരംഭിച്ചതിന്‍റെ സന്തോഷം അറിയിച്ച് ബിസിസിഐ (BCCI) സെക്രട്ടറി ജയ് ഷാ (Jay Shah). ‘ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്ത ക്രിക്കറ്റ് ടൂര്‍ണമെന്‍റായ രഞ്ജി ട്രോഫി തുടങ്ങുന്ന ഈ ദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരാന്‍ ഏറെ പ്രയത്‌നം അണിയറയില്‍ നടത്തിയിട്ടുണ്ട്. എല്ലാ താരങ്ങള്‍ക്കും ആശംസകള്‍’ നേരുന്നതായും ജയ് ഷാ ട്വിറ്ററില്‍ കുറിച്ചു. റെഡ് ബോള്‍ ക്രിക്കറ്റ് മുഖ്യധാരയിലേക്ക് വരുന്ന അവസരമാണിത്.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കേരളം എലീറ്റ് ഗ്രൂപ്പ് എയിലാണ്. ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ ടീമുകളാണ് കേരളത്തിന്‍റെ എതിരാളികള്‍. മത്സരങ്ങള്‍ രാജ്കോട്ടിൽ നടക്കുന്നത്. ഗ്രൂപ്പ് ജേതാക്കള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. ഒന്‍പത് വേദികളിലായി 38 ടീമുകള്‍ ഇക്കുറി മാറ്റുരയ്‌ക്കും. നാല് ടീമുകളുളള എട്ട് എലീറ്റ് ഗ്രൂപ്പുകളും ആറ് ടീമുകളുള്ള ഒരു പ്ലേറ്റ് ഗ്രൂപ്പുമാണ് പ്രാഥമിക ഘട്ടത്തിൽ.
രഞ്ജി ട്രോഫിയിൽ തിരുവനന്തപുരത്തും മത്സരങ്ങള്‍ ഉണ്ട്. ആന്ധ്ര, രാജസ്ഥാന്‍, സര്‍വ്വീസസ്, ഉത്തരാഖണ്ഡ് എന്നീ ടീമുകളാണ് തിരുവന്തപുരത്താണ് കളിക്കാനെത്തുക. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്‍റ് സേവ്യേഴ്സ്, മംഗലപുരം സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം. അഹമ്മദാബാദ്, കൊൽക്കത്ത, ഹരിയാന, ദില്ലി, ഗുവാഹത്തി, കട്ടക്ക്, ചെന്നൈ എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് രഞ്ജി ട്രോഫി അരങ്ങേറുന്നത്.