പുതുവര്‍ഷത്തിലെ ആദ്യ മത്സരം മഴയില്‍ ഒലിച്ചുപോയതിെന്റ നിരാശ തീര്‍ക്കാന്‍ കോഹ്ലിപ്പടയും മരതക ദ്വീപുകാരും ചൊവ്വാഴ്ച ഇന്ദോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ പോരിനിറങ്ങും. മത്സരത്തില്‍ വിജയിക്കുന്ന ടീം പരമ്ബര തോല്‍ക്കില്ല എന്നതിനാല്‍ തന്നെ ജയിക്കാനുറച്ചാകും ഇരുടീമുകളും കളത്തിലിറങ്ങുക.
പരിക്കേറ്റശേഷം ഗ്രൗണ്ടിലിറങ്ങാന്‍ കൊതിച്ചെത്തിയ ജസ്പ്രീത് ബുംറക്കും ശിഖര്‍ ധവാനും ഗുവാഹതിയിലെ ബര്‍സപാര സ്റ്റേഡിയം ഒരുക്കിവെച്ചത് നിരാശയായിരുന്നു. ടോസിനുശേഷം നിര്‍ത്താതെ പെയ്ത മഴയെത്തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചത്. ധവാനാണ് നഷ്ടം കൂടുതല്‍. ഓപണറുടെ റോളില്‍ ലോകേഷ് രാഹുലില്‍നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന ധവാന് കഴിവ് തെളിയിക്കാനുള്ള സുവര്‍ണാവസരമാണ് പാഴായത്. 2019ല്‍ ധവാന് നിറം മങ്ങിയപ്പോള്‍ കിട്ടിയ അവസരങ്ങളില്‍ രാഹുല്‍ കത്തിക്കയറി.
കഴിഞ്ഞ മാസം വെസ്റ്റിന്‍ഡീസിനെതിരെ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത രാഹുല്‍ ട്വന്റി20 ലോകകപ്പാണ് തെന്റ ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ടീമിനൊപ്പമുള്ള മലയാളി താരം സഞ്ജു സാംസണെ ആദ്യ മത്സരത്തിനുള്ള ടീമിലും പരിഗണിച്ചില്ല. ഇതോടെ ഋഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കാനാണ് ടീം മാനേജ്മെന്റിെന്റ തീരുമാനമെന്ന് വ്യക്തം. ഗുവാഹതിയില്‍ യുസ്വേന്ദ്ര ചഹലിന് പകരം ഇടം നേടിയ കുല്‍ദീപ് യാദവിനെ തന്നെയാകും രണ്ടാം മത്സരത്തില്‍ ഇറക്കുക. ലങ്ക 10 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ആദ്യ പരമ്ബര വിജയമാണ് സ്വപ്നം കാണുന്നത്.