Cricket Sports

എറിഞ്ഞുപിടിച്ച് രാജസ്ഥാൻ; ആർസിബിക്കെതിരെ ജയം 29 റൺസിന്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. റൺസിനാണ് രാജസ്ഥാൻ ബാംഗ്ലൂരിനെ വീഴ്ത്തിയത്. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 115 റൺസ് എടുക്കുന്നതിനിടെ 19.3 ഓവറിൽ ഓൾഔട്ടായി. 23 റൺസെടുത്ത ഫാഫ് ഡുപ്ലെസിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. രാജസ്ഥാനു വേണ്ടി കുൽദീപ് സെൻ നാലും അശ്വിൻ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യവുമായി ഇറങ്ങിയ ആർസിബിയ്ക്കും മോശം തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് ഇറങ്ങിയിട്ടും വിരാട് കോലി ഒരിക്കൽ കൂടി നിരാശപ്പെടുത്തി. 9 റൺസെടുത്ത താരത്തെ പ്രസിദ്ധ് കൃഷ്ണ റിയൻ പരഗിൻ്റെ കൈകളിലെത്തിച്ചു. ഫാഫ് ഡുപ്ലെസിക്കും ക്രീസിൽ ഏരെ നേരം തുടരാനായില്ല. ഉജ്ജ്വലമായി പന്തെറിഞ്ഞ രാജസ്ഥാൻ ബൗളർമാരുടെ സമ്മർദ്ദത്തിൽ കൂറ്റൻ ഷോട്ടിനു ശ്രമിച്ച ഡുപ്ലെസിയെ കുൽദീപ് സെൻ ജോസ് ബട്‌ലറിൻ്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്സ്‌വെലിനെ (0) ദേവ്‌ദത്ത് പടിക്കൽ പിടികൂടി.

രജത് പാടിദാറും ഷഹബാസ് അഹ്മദും ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും മധ്യ ഓവറുകളിൽ അശ്വിനും ചഹാലും ചേർന്ന് അവരെ വരിഞ്ഞുമുറുക്കി. 21 റൺസിൻ്റെ കൂട്ടുകെട്ട് അശ്വിൻ പൊളിച്ചു. പാടിദാറെ (16) അശ്വിൻ ക്ലീൻ ബൗൾഡാക്കി. സുയാഷ് പ്രഭുദേശായ് (2) അശ്വിൻ്റെ പന്തിൽ റിയൻ പരഗ് പിടിച്ച് പുറത്തായി. നന്നായി തുടങ്ങിയ ദിനേഷ് കാർത്തിക് (6) റണ്ണൗട്ടായതോടെ രാജസ്ഥാൻ ഏറെക്കുറെ ജയമുറപ്പിച്ചു. ഷഹബാസ് അഹ്മദിനെ (17) പരഗിൻ്റെ കൈകളിലെത്തിച്ച അശ്വിൻ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ചില ബൗണ്ടറികളുമായി സ്കോർ ഉയർത്താൻ ശ്രമിച്ച വനിന്ദു ഹസരങ്കയെ (18) കുൽദീപ് സെൻ സ്വന്തം ബൗളിംഗിൽ പിടികൂടി. സിറാജിനെ (5) പ്രസിദ്ധ് കുൽദീപ് സെനിൻ്റെ കൈകളിലെത്തിച്ചു. അവസാന ഓവറിൽ ഹർഷൽ പട്ടേലിനെ (8) കുൽദീപ് സെൻ റിയൻ പരഗിൻ്റെ കൈകളിലെത്തിച്ചതോടെ രാജസ്ഥാൻ്റെ ജയം പൂർണം.