Cricket Sports

സഞ്ജുവിനും സംഘത്തിനും ഇന്ന് അഞ്ചാം അങ്കം; എതിരാളികൾ ഗുജറാത്ത്

ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് അഞ്ചാം അങ്കം. 4 മത്സരങ്ങളിൽ മൂന്നും ജയിച്ച് 6 പോയിൻ്റുമായി പട്ടികയിൽ ഒന്നാമതുള്ള റോയൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെയാണ് നേരിടുക. ഗുജറാത്തിനും 4 മത്സരങ്ങളിൽ നിന്ന് ഇത്ര തന്നെ പോയിൻ്റുണ്ടെങ്കിലും നെറ്റ് റൺ റേറ്റാണ് രാജസ്ഥാനു ഗുണമായത്.

തുടരെ മൂന്ന് മത്സരങ്ങൾ വിജയിച്ച് തുടങ്ങിയെങ്കിലും ഗുജറാത്ത് ടൈറ്റൻസിൻ്റെ ദൗർബല്യം കഴിഞ്ഞ മത്സരത്തിൽ തെളിഞ്ഞുകണ്ടു. സ്ഥിരതയില്ലാത്ത ടോപ്പ് ഓർഡറാണ് ഗുജറാത്തിനെ പിന്നോട്ടടിക്കുന്നത്. മാത്യു വെയ്ഡ് ഇതുവരെ ഒരു മികച്ച ഇന്നിംഗ്സ് കളിച്ചിട്ടില്ല. ശുഭ്മൻ ഗിൽ ഫോമിലാണ്. സായ് സുദർശൻ ഒരു കളി മികച്ച പ്രകടനം നടത്തിയെങ്കിലും കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തി. ഹാർദ്ദിക് പാണ്ഡ്യ സ്ഥിരതയോടെ കളിക്കുന്നുണ്ടെങ്കിലും നാലാം നമ്പറിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സാവധാനത്തിലാണ് അദ്ദേഹത്തിൻ്റെ ബാറ്റിംഗ്. അത് ഗുജറാത്ത് സ്കോറിംഗിനെ സ്വാധീനിക്കുന്നുണ്ട്. ഡേവിഡ് മില്ലർ ഫോം ഔട്ടാണ്. കഴിഞ്ഞ സീസണിൽ രാജസ്ഥാനിൽ കളിച്ച രാഹുൽ തെവാട്ടിയയുടെ മിന്നും ഫോമാണ് മൂന്നിൽ രണ്ട് തവണയും ഗുജറാത്തിനു ജയം സമ്മാനിച്ചത്. എല്ലാ തവണയും തെവാട്ടിയക്ക് അതിനു സാധിക്കണമെന്നില്ല. കഴിഞ്ഞ കളിയിൽ തെവാട്ടിയ ഫോം ആയില്ല. ഗുജറാത്ത് തോറ്റു. റാഷിദ് ഖാൻ, മുഹമ്മദ് ഷമി, ദർശൻ നാൽകണ്ടെ, ലോക്കി ഫെർഗൂസൻ എന്നിവരടങ്ങുന്ന ബൗളിംഗ് നിര ശരാശരിയാണ്. ദർശനും ലോക്കിയും സ്ഥിരതയില്ലാത്ത പ്രകടനമാണ് നടത്തുന്നത്. ഷമി തരക്കേടില്ല. റാഷിദ് പതിവുപോലെ തിളങ്ങുന്നു. ഇതിനൊക്കെ അപ്പുറം ഫീൽഡിൽ സഹതാരങ്ങളോട് കയർക്കുന്ന ക്യാപ്റ്റൻ്റെ സമീപനം ടീമിൻ്റെ മൊറാലിനെ ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടറിയണം. ഓപ്പണിംഗിൽ മാത്യു വെയ്ഡിനു പകരം റഹ്മാനുള്ള ഗുർബാസ് കളിച്ചേക്കും.

രാജസ്ഥാനിലും ചില പ്രശ്നങ്ങളുണ്ട്. സ്ഥിരതയില്ലാത്ത ബാറ്റിംഗ് നിരയിൽ ഷിംറോൺ ഹെട്‌മെയറുടെ തകർപ്പൻ ഫോമാണ് രാജസ്ഥാനെ സംരക്ഷിച്ചുനിർത്തുന്നത്. ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ ഒന്നാമതാണെങ്കിലും പഴയ ഒരു ഫ്ലോലസ് ജോസ് ബട്‌ലറെ ഇക്കുറി കണ്ടില്ല. യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ എന്നിവരൊക്കെ സ്ഥിരതയില്ലാതെയാണ് കളിക്കുന്നത്. ബൗളിംഗ് നിരയാണ് രാജസ്ഥാൻ്റെ കരുത്ത്. എങ്കിലും ഡെത്ത് ഓവറിൽ ചില തലവേദനകളുണ്ട്. കുൽദീപ് സെനിൻ്റെ വരവ് ഈ പ്രതിസന്ധിയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാനിടയുണ്ട്. ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല. കഴിഞ്ഞ കളിയിൽ നിരാശപ്പെടുത്തിയെങ്കിലും റസ്സി വാൻഡർ ഡസ്സൻ തുടർന്നേക്കും.