Cricket Sports

രാഹുല്‍ വേണ്ട, വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് മതിയെന്ന് സുനില്‍ ഗാവസ്‌കര്‍

ഇന്ത്യന്‍ ടീമിന്റെ നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ മതിയെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. റിഷഭ് പന്തിനേറ്റ പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരായ പരമ്ബരയില്‍ കെ.എല്‍ രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ റിഷഭ് പന്ത് പരിക്ക് മാറി വന്നിട്ടും കെ.എല്‍ രാഹുല്‍ തന്നെയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. തുടര്‍ന്ന് ന്യൂസിലാന്‍ഡ് പരമ്ബരയിലും കെ.എല്‍ രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറാവുമെന്ന സൂചനയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നല്‍കിയിരുന്നു. കെ.എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുന്നത് ടീമിന്റെ ബാലന്‍സ് വര്‍ദ്ധിപ്പിക്കുമെന്നും വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അഭിപ്രായത്തോടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ യോജിക്കുന്നില്ല. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ റിഷഭ് പന്ത് തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായാല്‍ മതിയെന്ന് സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു. ആറാം നമ്ബര്‍ സ്ഥാനത്ത് മികച്ചൊരു ഫിനിഷര്‍ വേണമെങ്കില്‍ റിഷഭ് പന്തിനെ കളിപ്പിക്കണമെന്നും താരത്തിന് അതിന് കഴിയുമെന്നും ഗാവസ്‌കര്‍ പറഞ്ഞു. ഇടം കയ്യന്‍ ബാറ്റ്സ്മാനായ റിഷഭ് ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് ഗുണം ചെയ്യുമെന്നും ഗാവസ്‌കര്‍ പറഞ്ഞു. നിലവില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇടം കയ്യന്‍ ബാറ്റ്സ്മാനായിട്ടുള്ളത്.